പുനലൂർ: നഗരസഭ ഭരണാധികാരികൾ അഴിമതി ഭരണം നടത്തി വരികയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ നഗരസഭ ഓഫീസ് മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ കയ്യാങ്കളി. ഇന്നലെ രാവിലെ 11 മണിയോടെ പുനലൂർ കച്ചേരി റോഡിലായിരുന്നു സംഭവം. ജിയോ കമ്പനിയുടെ പോസ്റ്റുകൾ സ്ഥാപിക്കൽ, കുടിവെള്ള വിതരണം,ശ്മശാന അറ്റകുറ്റപണികൾ തുടങ്ങിയവയുടെ പേരിൽ കോടികൾ അഴിമതി നടത്തിയെന്ന് ആരോപിച്ചും ഇത് കണക്കിലെടുത്ത് ഭരണാധികാരികൾ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നഗരസഭ മാർച്ച് സംഘടിപ്പിച്ചത്. ടി.ബി ജംഗഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റിയ ശേഷം നഗരസഭ കാര്യാലയത്തിന് സമീപം എത്തിയപ്പോൾ പൊലീസ് തടഞ്ഞു.തുടർന്ന് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചപ്പോൾ പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് നേതാക്കൾ എത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു. പിന്നീട് ചേർന്ന യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ, നഗരസഭ പ്രതിപക്ഷനേതാവ് ജി.ജയപ്രകാശ്, ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തൗഫീഖ് തടിക്കാട്, ജില്ല സെക്രട്ടറിമാരായ ഷെറിൻ അഞ്ചൽ, ജോസഫ്, അനസ് അലി, നാസർ, നഗരസഭ കൗൺസിലർ ഷെമി അസീസ് തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ വിപിൻ കുമാർ, റഷീദ് കുട്ടി, ബിജു കാർത്തികേയൻ, നേതാക്കളായ റീന ഷാജഹാൻ, ഷിബിൻ അഖില രമേശ്, അഡ്വ.ഐശ്വര്യ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.