കരുനാഗപ്പള്ളി: ലോക മുങ്ങിമരണ അവബോധ ദിനത്തിൽ ജല സമൃദ്ധി ജലസമാധിയവരുത് എന്ന സന്ദേശമുയർത്തി ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂൾ വിദ്യാർത്ഥികൾ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ ലഘു ലേഖയിൽ ഒരു വർഷം ലോകത്ത് 2.36 ലക്ഷം ആളുകൾ മരിക്കുന്നതായി രേഖപ്പെടുത്തി. ഇതിൽ 8,2000 പേർ 14 വയസിൽ താഴെയുള്ള കുട്ടികൾ ആണ്. ലഘുലേഖയിൽ എട്ടോളം ജാഗ്രതാ നിർദ്ദേശങ്ങൾ ചേർത്തിട്ടുണ്ട്. ഓരോ ജലാശയവും വ്യത്യസ്ത സ്വഭാവങ്ങൾ ഉള്ളവയാണ്. ജലാശയങ്ങളുടെ കരയിൽ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ അവഗണിക്കാതിരിക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള ജലസ്രോതസുകളെ കുറിച്ച് ബോധവാന്മാരാകുക, ,ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ജലാശയങ്ങളിൽ ,ഇറങ്ങാതിരിക്കുക, ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ അമിതാവേശം ഒഴിവാക്കുക, ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുക എന്നീ നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജലാശയ ദുരന്തങ്ങളെ കുറിച്ച് കരുനാഗപ്പള്ളിയുടെ പൊതു ഇടങ്ങളിൽ പോസ്റ്ററുകൾ പതിപ്പിക്കുകയും ലഘുലേഖകൾ വിതരണം നടത്തുകയും ചെയ്യാൻ തീരുമാനിച്ചു. മാനേജർ മായാ ശ്രീകുമാർ മുങ്ങി മരണങ്ങൾക്കെതിരെ നീന്തൽ പരിശീലനം നടത്തുന്ന കെന്നഡിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി യദു കൃഷ്ണന് ലഘുലേഖ നൽകി പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, അഡ്മിനിസ്ട്രേറ്റർ ഗംഗാറാം കണ്ണമ്പള്ളിൽ, മീര സിറിൾ ,കോ - ഓർഡിനേറ്റർ സുധീർ ഗുരുകുലം, ശ്യാം കുമാർ , ഗോകുൽ, ജ്യോതി ഗംഗ, ലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.