e

കൊല്ലം: സൗത്ത് സോൺ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ ടീം ഫൈനലിൽ. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് കേരള പുരുഷ ടീം ഫൈനലിൽ പ്രവേശിച്ചത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തെലുങ്കാനയെ എതിരില്ലാത്ത എട്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്.

കേരളത്തിനായി ഹബല സൂരജ് ഹാട്രിക്ക് നേടി. ഇതോടെ സൂരജ് പുരുഷന്മാരുടെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ 12 ഗോളുമായി ഒന്നാം സ്ഥാനത്താണ്. പുതുച്ചേരിയുടെ നിതീശ്വരനും 12 ഗോൾ നേടിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 3ന് നടക്കുന്ന ഫൈനലിൽ കേരളം തമിഴ്നാടിനെ നേരിടും. പുരുഷന്മാരുടെ മത്സരത്തിൽ കർണാടകയെ പരാജയപ്പെടുത്തി പുതുച്ചേരി മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിലേക്ക് യോഗ്യത നേടി. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് പുതുച്ചേരി കർണാടകയെ പരാജയപ്പെടുത്തിയത്. പുതുച്ചേരിക്ക് വേണ്ടി നിതീശ്വരൻ ഹാട്രിക്ക് നേടി. രണ്ടാം മത്സരത്തിൽ തമിഴ്നാട് ആന്ധ്രാപ്രദേശിനെ തോൽപ്പിച്ചതോടെ നാലാം സ്ഥാനത്തുള്ള കർണാടക മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിലേക്ക് യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു തമിഴ്നാടിന്റെ ജയം. തമിഴ്നാടിന് വേണ്ടി നിതിഷ് ഇരട്ട ഗോൾ നേടി.

കേരള വനിത ടീമിന് ഫൈനലിൽ പ്രവേശിക്കാനായില്ല. ആന്ധ്രാപ്രദേശിനോട് സമനിലയിലായതോടെ വനിതകളുടെ ഗ്രൂപ്പിൽ കേരളം പത്ത് പോയിന്റുമായി മൂന്നാം സ്ഥാനത്തായി. അഞ്ച് മത്സരങ്ങളിൽ നിന്ന് തോൽവി അറിയാതെ പതിമൂന്ന് പോയിന്റുമായി ആന്ധ്രാപ്രദേശ് ഗ്രൂപ്പിൽ ഒന്നാമതായി ഫൈനലിന് യോഗ്യത നേടി. ആന്ധ്രാപ്രദേശിന്റെ ഗജുല നന്ദിനിയാണ് മത്സരത്തിലെ താരം.

ഇന്ന് രാവിലെ 7ന് നടക്കുന്ന മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ കേരളം കർണാടകയെ നേരിടും. കർണാടകയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് തമിഴ്നാട് ഫൈനലിന് യോഗ്യത നേടി. തമിഴ്നാടിന്റെ ജോവിന ഹാട്രിക്ക് നേടി. മത്സരം അവസാനിക്കാൻ ഒരു മിനിട്ട് ശേഷിക്കെയായിരുന്നു തമിഴ്നാടിന്റെ വിജയഗോൾ. കർണാടക നാലാം സ്ഥാനക്കാരായി മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിലേക്ക് യോഗ്യത നേടി. ഇന്ന് വൈകിട്ട് 5ന് നടക്കുന്ന സമാപന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ മെഡലുകൾ സമ്മാനിക്കും.