പുനലൂർ: കനത്ത കാറ്റിൽ മരങ്ങൾ കടപുഴകിയും ശിഖിരങ്ങൾ ഒടിഞ്ഞുവീണും കിഴക്കൻ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം നടസപ്പെട്ടു. ഇന്നലെ വൈകിട്ട് 4.15 ഓടെ പെയ്ത കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിലാണ് മരങ്ങൾ ദേശീയപാതയിലും സമാന്തര പാതകളിലും വീണത്. ദേശിയപാതയിലെ വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തും മുസ്ലീം പള്ളി, ടി.ബി ജംഗ്ഷൻ, ശിവൻകോവിൽ റോഡ്, വെള്ളിമല ക്ഷേത്രഗിരി, കഴുതുരുട്ടി തുടങ്ങിയ നിരവധി സ്ഥലങ്ങളിലും ദേശീയ പാതയിലുമാണ് മരങ്ങൾ വീണത്. ദേശീയപാതയിലെ വാളക്കോട്ടെ പാതയോരത്ത് നിന്ന കൂറ്റൻ തേക്ക് മരം വീണാണ് ഗതാഗതം തടസപ്പെട്ടത്. വൈദ്യുതി ലൈനുകൾ വ്യാപകമായി പൊട്ടിവീണതോടെ പ്രദേശം ഇരുട്ടിലാണ്.
പുനലൂരിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തേക്ക് മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ടി.ബി ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിനോട് ചേർന്നുനിന്ന തണൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പുനലൂർ ശിവൻകോവിൽ റോഡിലെ ഗുരുദേവ ക്ഷേത്രത്തിന് സമീപത്തെ മര ശിഖരം ഒടിഞ്ഞുവീണും ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കൂടാതെ കാറ്റിൽ വ്യാപകമായി കാർഷിക വിളകളും നശിച്ചു.