കൊട്ടാരക്കര: കഥകളി പിറന്ന നാട്ടിൽ കഥകളി ശില്പം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി. കൊട്ടാരക്കര മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതികൾ തയ്യാറാക്കുന്നതിനായി ഇന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വിളിച്ചുചേർക്കുന്ന യോഗം മിനിസിവിൽസ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേരുമ്പോൾ കഥകളി ശില്പവും ചർച്ച ചെയ്യപ്പെടും. ലോകത്തിന് കേരളം സംഭാവന ചെയ്ത മഹത്തായ കലാരൂപമായതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വലിയ കഥകളി ശില്പം കൊട്ടാരക്കരയിൽ സ്ഥാപിക്കണമെന്ന് മാനവ മൈത്രീ മിഷൻ ഭാരവാഹികൾ നേരത്തെ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. വേൾഡ് റെക്കാർഡുകളിൽ ഇടംപിടിക്കുംവിധത്തിലാകണം നിർമ്മാണമെന്നാണ് ആവശ്യം.

നഗര ഹൃദയത്തിൽ

എം.സി റോഡിന്റെ വശത്തായി കല്ലട ഇറിഗേഷൻ വകുപ്പിന്റെ ഭൂമി നഗരസഭ ഓഫീസ് സമുച്ചയം നിർമ്മിക്കാനായി വിട്ടുനൽകിയിട്ടുണ്ട്. ഇവിടെ ഇനിയും ഭൂമി ശേഷിക്കുന്നുണ്ട്. അവിടെയാകണം കൂറ്റൻ കഥകളി ശില്പം നിർമ്മിക്കേണ്ടത്. ടൂറിസ്റ്റുകളും ഇവിടേക്ക് ആകർഷിക്കപ്പെടണം. ലോകത്തെ ഏറ്റവും വലിയ കഥകളി ശില്പം കാണാനായി കൂടുതൽ സഞ്ചാരികൾ കൊട്ടാരക്കരയിലേക്ക് എത്തുമെന്നാണ് വിലയിരുത്തേണ്ടത്.

കൊട്ടാരക്കര തമ്പുരാന്റെ പ്രതിമ

കഥകളിയുടെ(രാമനാട്ടം) ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാന്റെ പ്രതിമ സ്ഥാപിക്കാൻ മുൻപ് നീക്കം നടത്തിയിരുന്നു. എന്നാൽ തമ്പുരാന്റെ യഥാർത്ഥ ചിത്രം ലഭ്യമല്ലാത്തതിനാൽ ഈ നീക്കം കോടതിയിലടക്കം ചോദ്യം ചെയ്യപ്പെട്ടു. അതോടെ കൊട്ടാരക്കര തമ്പുരാന്റെ പ്രതിമ നിർമ്മിക്കുന്ന തീരുമാനം ഉപേക്ഷിച്ചമട്ടാണ്. തമ്പുരാനേക്കാൾ കഥകളിക്കാണ് ലോക പ്രസിദ്ധിയുണ്ടായത്. അതുകൊണ്ടുതന്നെ കഥകളി പിറന്ന മണ്ണിൽത്തന്നെ അതിന്റെ മഹിമ വിളിച്ചോതുന്ന ശില്പം നിർമ്മിക്കണമെന്ന ആവശ്യത്തിനാണ് കൂടുതൽ പിന്തുണ. കലാമണ്ഡലം മാതൃകയിൽ കൊട്ടാരക്കരയിൽ കഥകളി കലാപഠന കേന്ദ്രം നിർമ്മിക്കാനടക്കം സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.