കുന്നത്തൂർ: ഭരണിക്കാവിൽ കാഷ്യൂ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 14-ാം നമ്പർ ഫാക്ടറിയുടെ മതിൽ മണ്ണുമാന്തി യന്തം ഉപയോഗിച്ച് നിരപ്പാക്കിയ നിലയിൽ. ബുധനാഴ്ച അർദ്ധരാത്രിയിലാണ് സംഭവം നടന്നത്. ഭരണിക്കാവ് -വണ്ടിപ്പെരിയാർ ദേശീയപാതയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. പ്രധാന പാതയോരം മുതലുള്ള മതിലാണ് പൊളിച്ചു നീക്കിയത്.ഈ ഭാഗത്ത് കോർപ്പറേഷൻ സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ലക്സ് ബോർഡും തകർത്തിട്ടുണ്ട്. മതിൽ തകർത്തതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവ സമയത്ത് ഫാക്ടറിയിൽ 2 സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഇവർ പറയുന്നത്. പുലർച്ചെ 5.30നാണ് മതിൽ തകർന്ന് കിടക്കുന്നത് കണ്ടതത്രേ. സംഭവം വിവാദമായതിനു ശേഷം ഇന്നലെ വൈകിട്ടാണ് ഫാക്ടറി അധികൃതർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സ്വകാര്യ വ്യക്തിയുമായി സിവിൽ കേസ് നിലവിലുണ്ടെന്നും ശാസ്താംകോട്ട സി.ഐ പറഞ്ഞു.