കുന്നത്തൂർ: ശക്തമായ മഴയ്ക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ കൊല്ലം - തേനി ദേശീയ പാതയിൽ ഭരണിക്കാവ് ജെ.എം ഹൈസ്കൂളിന് മുന്നിൽ നിന്ന കൂറ്റൻ പൈൻ മരം ഒടിഞ്ഞ് 11.കെ.വി ലൈനിലേക്ക് വീണു. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്ന് റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതവും നിലച്ചു.ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം.10 മിനിട്ട് കൂടി കഴിഞ്ഞിരുന്നെങ്കിൽ തൊട്ടടുത്ത സ്കൂൾ വിട്ട് കുട്ടികൾ എത്തുമായിരുന്നു. ഒടിഞ്ഞു വീണ മരത്തിന് സമീപം നിരവധി വഴിയോര കച്ചവടക്കാരും ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് തിരക്കേറിയ പാതയിൽ വാഹനങ്ങൾ എത്താതിരുന്നതും അപകട സാദ്ധ്യത കുറച്ചു. തലനാരിഴയ്ക്കാണ് ഭരണിക്കാവിൽ വൻ ദുരന്തമൊഴിവായത്. ശാസ്താംകോട്ട ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മരം വെട്ടിമാറ്റിയ ശേഷം കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.