പുനലൂർ: കൊല്ലം -തിരുമംഗലം ദേശീയപാതയിലെ ഇളമ്പലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സുവിശേഷകനായ ബൈക്ക് യാത്രക്കാരൻ മരിച്ചു. പുനലൂർ നഗരസഭയിലെ അഷ്ടമംഗലം ചരുവിള പുത്തൻ വീട്ടിൽ താമസക്കാരനും ഇളമ്പൽ ചർച്ച് ഒഫ് ഗോഡിലെ സുവിശേഷകനുമായ ബ്രദർ ഉണ്ണിക്കൃഷ്ണനാണ് (35) മരിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെ ഇളമ്പലിൽ നിന്ന് കോട്ടവട്ടത്തേക്ക് ബൈക്കിൽ പോകുമ്പോൾ എതിർ ദിശയിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കൃഷ്ണനെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിൽ. സംസ്കാരം ഇന്ന്. ഭാര്യ: ഗീത (ഗൾഫ്). ഒരുകുട്ടിയുണ്ട്.