ആദ്യഘട്ട വിശദ രൂപരേഖ തയ്യാറായി
കൊല്ലം: ജില്ലയിലെ ജൈവ വൈവിദ്ധ്യങ്ങളുടെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താനുള്ള ജൈവ വൈവിദ്ധ്യ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ആദ്യഘട്ട വിശദ രൂപരേഖ തയ്യാറായി. ഇതിൽ ഉൾപ്പെട്ട അഷ്ടമുടിക്കായലോരത്തെ ഇന്റർപ്രെട്ടേഷൻ സെന്റർ, മുട്ടറ മരുതിമലയിലെ അഡ്വഞ്ചർ ടൂറിസം എന്നിവ ലക്ഷ്യമിടുന്ന സ്ഥലങ്ങളിൽ നിർമ്മാണത്തിനുള്ള എൻഒ.സി ലഭിച്ചാലുടൻ സാങ്കേതിക അനുമതി വാങ്ങി ടെണ്ടർ ചെയ്യും.
കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം പുനർജ്ജനി പാർക്ക് സ്ഥിതി ചെയ്യുന്നിടത്താണ് ഇന്റർപ്രെട്ടേഷൻ സെന്റർ ലക്ഷ്യമിടുന്നത്. അഷ്ടമുടിക്കായലിന്റെ തീരത്ത് കായലിന്റെ ജൈവഘടന, ചരിത്രം, കൊല്ലം നഗരത്തിന്റെ ജൈവവൈവിദ്ധ്യം, നഗരചരിത്രം എന്നിവയുമായി ബന്ധപ്പെട്ട മ്യൂസിയം സ്ഥാപിക്കും. കായലിലെ അപൂർവ്വ മത്സ്യയിനങ്ങൾ, ജലസസ്യങ്ങൾ തീരത്തെ വൃക്ഷങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കാനും ആളുണ്ടാകും. വമ്പൻ വികസന പ്രവർത്തനങ്ങളാണ് മരുതിമലയിൽ ലക്ഷ്യമിടുന്നത്.
ആശ്രാമം മൈതാനത്തിന് ചുറ്റുമുള്ള റോഡിൽ സൈക്കിൾ ട്രാക്ക് നിർമ്മിക്കും. 10.20 കോടിയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. ജില്ലയിലെത്തുന്ന സഞ്ചാരികളെ പുതിയ സർക്യൂട്ടിലൂടെ നയിച്ച് പരമാവധി ദിവസം ഇവിടെ തങ്ങുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിന് പുറമേ ആഗോളതലത്തിൽ മാർക്കറ്റ് ചെയ്ത് സഞ്ചാരികളെ ആകർഷിക്കും. കെൽ ആണ് പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്.
മുട്ടറ മരുതിമലയിൽ
ഗ്ലാസ് ബ്രിഡ്ജ്
വ്യൂ ടവറുകൾ
റോപ്പ് ക്ലൈംബിംഗ്
എൻട്രൻസ് ഗേറ്റ്
കിയോസ്കുകൾ
റെസ്റ്റ് റൂം
ജൈവ വിവിദ്ധ്യ ടൂറിസം സർക്യൂട്ടിൽ
അഷ്ടമുടിക്കായൽ മൺറോതുരുത്ത് കൊട്ടാരക്കര മീമ്പിടിപ്പാറ മുട്ടറ മരുതിമല ജഡായുപ്പാറ തെന്മല അച്ഛൻകോവിൽ
രണ്ടാംഘട്ടത്തിൽ
മൺറോത്തുരുത്തിൽ ജൈവവൈവിദ്ധ്യ മ്യൂസിയം
കൊട്ടാരക്കര പുലമൺ തോട് പുനരുദ്ധാരണം
മീമ്പിടിപ്പാറയിൽ ചൂണ്ടയിടലിന് കൂടുതൽ സൗകര്യം.
ജഡായുപ്പാറയിൽ ഗ്രാമീണ മ്യൂസിയം
തെൻമലയിൽ സഞ്ചാരികൾക്ക് താമസസൗകര്യം
പദ്ധതി ലക്ഷ്യമിടുന്ന സ്ഥലങ്ങളുടെ എൻ.ഒ.സി റവന്യു വകുപ്പിൽ നിന്നു ലഭ്യമാക്കാനായി ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയക്ടറെ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കളക്ടറുടെ സാന്നിദ്ധ്യത്തിൽ അടുത്തിടെ യോഗവും ചേർന്നു
കെൽ അധികൃതർ