കൊല്ലം: വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ച മിനി എം.സി.എഫുകളിൽ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) ഭൂരിഭാഗവും ഒരു തവണ പോലും തുറന്നിട്ടില്ല. നശിക്കാതെ അവശേഷിക്കുന്ന പലതിലും രണ്ട് വർഷം മുൻപേ സംഭരിച്ച മാലിന്യം വരെയുണ്ട്.
മിനി എം.സി.എഫുകളുടെ താക്കോലുകൾ ഹരിതകർമ്മസേനയുടെ കൈവശമെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. എന്നാൽ തങ്ങളുടെ പക്കലില്ലെന്ന് പല ഡിവിഷനുകളിലെയും ഹരിതകർമ്മസേനാംഗങ്ങൾ പറയുന്നു. അതിനാൽ വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ചാക്കുകളിൽ നിറച്ച് റോഡ് വക്കുകളിലാണ് സൂക്ഷിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തെരുവ് നായ്ക്കൾ ചാക്കുകൾ കടിച്ചുകീറി റോഡിലാകെ പ്ലാസ്റ്റിക് മാലിന്യം പരത്തും. ഫലത്തിൽ വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് നിരത്തുന്ന അവസ്ഥയാണ്.
ഹരിതകർമ്മസേന ശേഖരിക്കുന്ന രണ്ട് ദിവസത്തെ മാലിന്യം കൊണ്ടുതന്നെ മിനി എം.സി.എഫ് നിറയും. അതിനാൽ ഇവിടെ സംഭരിക്കുന്ന മാലിന്യം തരംതിരിക്കാനായി എം.സി.എഫുകളിലേക്ക് മാറ്റണം. നഗരത്തിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാൻ കുറഞ്ഞത് 60,000 ചതുരശ്രയടി വിസ്തീർണമുള്ള എം.സി.എഫ് സൗകര്യം വേണം. എന്നാൽ നിലവിൽ മൂന്നിടങ്ങളിലായി കഷ്ടിച്ച് 5000 ചതുരശ്രയടി വിസ്തീർണമുള്ള എം.സി.എഫ് സൗകര്യം മാത്രമാണുള്ളത്.
നഗരത്തിൽ നാലര ലക്ഷം ജനങ്ങൾ
നഗരത്തിൽ 140 മിനി എം.സി.എഫുകൾ
ഭൂരിഭാഗവും പൂട്ടിയിട്ടിരിക്കുന്നു
മാലിന്യം വേർതിരിക്കാൻ എം.സിഎഫ് സൗകര്യം പരിമിതം
വേണ്ടത് 60,000 ചതുരശ്രയടി വിസ്തീർണം
പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 19 ടൺ മാലിന്യം
........................
നഗരത്തിലെ മാലിന്യ സംസ്കരണത്തിൽ അധികൃതർ പുലർത്തുന്ന ഉദാസീനതയുടെ തെളിവാണ് തുരുമ്പെടുക്കുന്ന മിനി എം.സി.എഫുകൾ. പൂട്ടിയിട്ടിരിക്കുന്ന മിനി എം.സി.എഫുകളുടെ സമീപത്ത് മാലിന്യം കുന്നുകൂടുകയാണ്. അധികൃതരുടെ പിടിപ്പുകേട് കാരണം ലക്ഷക്കണക്കിന് രൂപ പാഴാകുകയാണ്. ജനങ്ങളാണ് ഇതിന്റെയെല്ലാം ദുരിതം അനുഭവിക്കേണ്ടി വരുന്നത്
എസ്.ആർ. സജീവ് (പൊതുപ്രവർത്തകൻ)