തഴവ: കുലശേഖരപുരം, ഓച്ചിറ ,തഴവ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ താവളമടിച്ചിട്ടുള്ള കാട്ടുപന്നികളെ തുരത്തണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിരവധി തവണയാണ് ഇവിടെ കാട്ടുപന്നികളുടെ ശല്യത്തെക്കുറിച്ച് നാട്ടുകാർ പരാതി പറഞ്ഞത്. ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർക്ക് തുടക്കത്തിൽ പരാതി അവിശ്വസനീയമായി തോന്നിയെങ്കിലും വവ്വക്കാവ് ജംഗ്ഷന് വടക്കുവശം വാഹനാപകടത്തിലും ഓച്ചിറ ,വയനകത്ത് ട്രെയിൻ തട്ടിയും കാട്ടുപന്നികളെ ചത്ത നിലയിൽ കണ്ടെത്തിയതോടെ പരാതി ബോദ്ധ്യപ്പെടുകയായിരുന്നു.
പ്രതിരോധമാർഗങ്ങളില്ല
കഴിഞ്ഞ ദിവസം തഴവ കുതിരപ്പന്തി മുല്ലശ്ശേരി മുക്കിന് സമീപം ചാങ്ങേത്തറവടക്കതിൽ വിജയന്റെ പുരയിടത്തിലെ തെങ്ങിൻതൈകൾ ,വാഴ,ചേന ചേമ്പ് തുടങ്ങിയവ പന്നികൾ നശിപ്പിച്ചു. പന്നിശല്യം പരിചിതമല്ലാത്ത പ്രദേശമായതിനാൽ ഇവയെ പ്രതിരോധിക്കുവാനുള്ള യാതൊരു മാർഗങ്ങളും കർഷകർക്ക് അറിയില്ല .കരക്കൃഷികൾ ഉപജീവന മാർഗ്ഗമാക്കിയ നൂറ് കണക്കിന് കുടുംബങ്ങളുള്ള തഴവയിൽനിന്ന് പന്നികളെ തുരത്തുവാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.