പത്തനാപുരം: സ്വകാര്യ ബസ് തടഞ്ഞ് കണ്ടക്ടറെ മർദ്ദിച്ച പ്രതികളെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്തോയിൽ തലപ്പാക്കെട്ടിൽ വീട്ടിൽ ഷിഹാബുദ്ദീൻ (44), തലപ്പാക്കെട്ടിൽ വീട്ടിൽ റഫീഖ് (40), കറവൂർ അജി വിലാസത്തിൽ സജിമോൻ (38) എന്നിവരെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
പുനലൂരിൽ നിന്ന് അച്ചൻകോവിലിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ കിരൺ കുമാറിനാണ് മർദ്ദനമേറ്റത്. അച്ചൻകോവിലിൽ നിന്ന് പുനലൂരിലേക്ക് വരികയായിരുന്ന ബസ് തടഞ്ഞുനിറുത്തി കണ്ടക്ടറെ ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. പ്രതികളിൽ ഒരാളുടെ മകൾ ബസിൽ കയറുന്നതിന് മുമ്പ് ബെല്ലടിച്ച് ബസ് വിട്ടുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കിരൺ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പത്തനാപുരം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, മുരുകേഷ്, ഹോം ഗാർഡ് രാധാകൃഷ്ണപിള്ള എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.