കൊല്ലം: സൈനികനെയും സഹോദരനെയും സംഘം ചേർന്ന് മർദ്ദിച്ച കേസിൽ വ്യാപാരിയെ അറസ്‌‌റ്റ് ചെയ്‌തു. കൂട്ടിക്കട ജംഗ്‌ഷനിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മയ്യനാട് സ്വദേശികളായ സൈനികൻ അമീർഷായെയും സഹോദരൻ അമിൻഷായെയും ഒരു സംഘം ക്രൂരമായി മർദ്ദിച്ചത്. കടയിൽ സാധനം വാങ്ങാനെത്തിയ ഇരുവരുമായുണ്ടായ വാക്ക് തർക്കത്തിനിടെയാണ് അനിഷ്‌ട സംഭവമുണ്ടായത്. സംഭവ സ്ഥലത്തുണ്ടായിരുന്നവരും വ്യാപാരി റാഫിയും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിൽ മിലിട്ടറി തലത്തിൽ ഇടപടലുണ്ടായി. ഇരവിപുരം പൊലീസ് റാഫിക്കും മറ്റുള്ളവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. അമീർഷായുടെ മുൻനിരയിലെ രണ്ട് പല്ലുകൾ കൊഴിഞ്ഞു. മറ്റ് പ്രതികൾ ഒളിവിലാണ്. റാഫിയെ റിമാൻഡ് ചെയ്‌തു. ഇരവിപുരത്ത് എസ്.എച്ച്.ഒ ഇല്ലാത്തതിനാൽ കിളികൊല്ലൂർ സി.ഐക്കാണ് അന്വേഷണ ചുമതല.