കൊല്ലം: മൺ​റോത്തുരുത്തി​ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ സാമ്പത്തിക സഹായത്തോടെയുള്ള ശ്മശാന നിർമ്മാണ പദ്ധതിക്ക് പഞ്ചായത്ത് ബോധപൂർവ്വം കാലതാമസം വരുത്തിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ പറഞ്ഞു.

കഴിഞ്ഞ ജനുവരി 17ന് യോഗം ജനറൽ സെക്രട്ടറിയുടെ കത്ത് ലഭിച്ചു. 22ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗം ഏകകണ്ഠമായി നെന്മേനി തെക്ക് വാർഡിൽ ശ്മശാനം നിർമ്മിക്കാൻ തീരുമാനിച്ചു. എന്നാൽ പഞ്ചായത്ത് രേഖകൾ പരിശോധിച്ചപ്പോൾ പദ്ധതി ലക്ഷ്യമിടുന്ന സ്ഥലം ശ്മശാന ഭൂമിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നതല്ലാതെ റവന്യു രേഖകളോ കൈവശാവകാശ വിവരങ്ങളോ ലഭിച്ചില്ല. ഇതിന് പുറമേ പ്രദേശം തീരദേശപരിപാലന നിയമത്തിന്റെ പരിധിയിലാണ്. അതുകൊണ്ട് ഇവി​ടെ നിർമ്മാണത്തിന് സർക്കാരിന്റെയും തീരദേശ പരിപാലന അതോറിട്ടി​യുടെയും അനുമതി ലഭിക്കണം. ഇതിനുള്ള നടപടികൾക്ക് പുറമേ പ്രദേശം പഞ്ചായത്തിന്റെ പേരിൽക്കൂട്ടി ലഭിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ച് കഴിഞ്ഞു. ഇങ്ങനെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി എസ്.എൻ.ഡി.പി യോഗത്തിന്റെ സഹായത്തോടെ എത്രയും വേഗം ശ്മശാനം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തെന്നും മിനി സൂര്യകുമാർ പറഞ്ഞു.