കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഫാത്തിമ മാതാ നാഷണൽ കോളേജ് ലേണേഴ്സ് സപ്പോർട്ടിംഗ് സെന്ററിലെ ബി.എ മലയാളം ഒന്നാം വർഷ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'സായന്തന രശ്മികൾ' പുസ്തകത്തിന്റെ പ്രകാശനം 28ന് നടക്കും. രാവിലെ 10.30ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി.ജഗതിരാജ് പുസ്തകം പ്രകാശനം ചെയ്യും. സിൻഡിക്കേറ്റ് അംഗം അഡ്വ. ബിജു.കെ.മാത്യു ഏറ്റുവാങ്ങും. കോട്ടാത്തല ശ്രീകുമാർ അദ്ധ്യക്ഷനാകും. എൽ.എസ്.സി കോ-ഓർഡിനേറ്റർ സാഗർ സൈമൺ ഫ്രാൻസിസ്, ഡോ. ശ്രീജ രഞ്ജിത്ത്, ആശ കുറ്റൂർ, അനിൽ കുമാർ താഴം, അരുൺകുമാർ കുരീപ്പുഴ എന്നിവർ സംസാരിക്കും. പതിനെട്ട് മുതൽ എഴുപത് വയസുവരെയുള്ള പഠിതാക്കളാണ് എഴുത്തുകാർ. ഒരു ക്ളാസിലെ പഠിതാക്കൾ ചേർന്നെഴുതിയ പുസ്തകം ക്ളാസ് മുറിയിൽ തന്നെ പ്രകാശനം നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.