ശാസ്താംകോട്ട: അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുകയാണ് താലൂക്ക് ആശുപത്രി. എക്സ് റേ യൂണിറ്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചിട്ട് ഒരു വർഷത്തിലേറെയായി. സാധരണക്കാർ ചികിത്സ തേടിയെത്തുന്ന താലൂക്ക് ആശുപത്രിയിൽ പകരം സംവിധാനം ഏർപ്പെടുത്താതെ എക്സ് റേ യൂണിറ്റ് നിറുത്തലാക്കിയ നടപടിക്കെതിരെ നിരവധി തവണ പ്രതിഷേധം ഉയർന്നെങ്കിലും അധികൃതർ കണ്ട ഭാവം നടിച്ചില്ല. ഇതു മൂലം എക്സ് റേ എടുക്കുന്നതിന് സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
എക്സ് റേ യൂണിറ്റ് പ്രവർത്തനം നിർത്തിയിട്ട് ഒരു വർഷം
പ്രധാന കവാടം അടച്ചു, ഇടുക്ക് വഴിയിലൂടെ യാത്ര
8.50 കോടി ചെലവിൽ എമർജൻസി ബ്ലോക്ക് പ്രഖ്യാപനത്തിലൊതുങ്ങി
3.3 കോടി ചെലവിൽ മാതൃശിശു പരിചരണ കേന്ദ്രം നിർമ്മാണം ഇഴയുന്നു
അധികൃതരുടെ അലംഭാവം
ആശുപത്രി വികസനത്തിനായി ശാസ്താംകോട്ടയിലെ ചന്ത നിന്ന സ്ഥലം ഏറ്റെടുത്ത് 8.50 കോടി ചെലവിൽ എമർജൻസി ബ്ലോക്ക് കെട്ടിടം നിർമ്മിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭൂമി ഏറ്റെടുത്തെങ്കിലും തുടർ നടപടികളുണ്ടായില്ല. 3.3 കോടി ചെലവിൽ മാതൃശിശു പരിചരണ കേന്ദ്രം നിർമ്മാണം തുടങ്ങിയെങ്കിലും ഇഴഞ്ഞു നീങ്ങുകയാണ്.നിർമ്മാണ പ്രവർത്തനത്തിന് വേണ്ടി പ്രധാന കവാടം അടച്ചതിനാൽ ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇടുക്ക് വഴിയിലൂടെ മാത്രമാണ് ആശുപത്രിയിലെത്താൻ കഴിയുന്നത്. താലൂക്ക് ആശുപത്രി വികസനത്തിൽ അധികൃതർ കാട്ടുന്ന അലംഭാവത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ
നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ താലൂക്ക് ആശുപത്രി വികസനത്തിനായി അനുവദിച്ച ഫണ്ടുകൾ നഷ്ടമാകുന്ന അവസ്ഥയാണ്. ഇതിനെതിരെ പൊതുജനങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.
തുണ്ടിൽ നൗഷാദ് (ബ്ലോക്ക് പഞ്ചായത്ത് അംഗം, ശാസ്താംകോട്ട)
എക്സ് റേ യൂണിറ്റ് പുനസ്ഥാപിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ഉടൻ തന്നെ എക്സ് റേ യൂണിറ്റ് പ്രവർത്തന സജ്ജമാകും.
ആർ.സുന്ദരേശൻ
(ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ശാസ്താംകോട്ട )