കൊല്ലം: മൺറോത്തുരുത്തിൽ വച്ച് കിഴക്കേ കല്ലട എസ്.ഐയായിരുന്ന ജി.ഗോപകുമാർ ഉൾപ്പടെയുള്ള പൊലീസുകാരെ ആക്രമിച്ചെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. മൺറോത്തുരുത്ത് സ്വദേശികളായ 29 പേരെയാണ് വെറുതെവിട്ടത്.
2010 ലായിരുന്നു കേസിനാസ്പദമായ സംഭവം. എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൺറോത്തുരുത്തിലെ പട്ടംതുരുത്തിലെത്തി അനധികൃതമായി മണൽ വാരിയെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരന്റെ വള്ളം പിടിച്ചെടുക്കാൻ ശ്രമിച്ചു. പിടിക്കുമ്പോൾ വള്ളത്തിൽ മണൽ ഇല്ലാഞ്ഞതിനാൽ നാട്ടുകാർ എതിർത്തു. സംഘർഷത്തിൽ പൊലീസുകാരെ മർദ്ദിച്ചെന്നും കല്ലെറിഞ്ഞെന്നും വള്ളം പിടിച്ചെടുത്തെന്നുമായിരുന്നു കേസ്.
കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കൊല്ലം പ്രിൻസിപ്പൽ അസി. സെഷൻസ് കോടതി ജഡ്ജി അനൂപ് കുരുവിള പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ബി.ശിവപ്രസാദ്, പനമ്പിൽ ജയകുമാർ, കല്ലട ബാലചന്ദ്രൻ, അജി രാജപ്പൻ, പ്രേം നാദധാര എന്നിവർ കോടതിയിൽ ഹാജരായി.