കൊല്ലം: എസ്.ഐയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ചയാൾ പൊലീസ് പിടിയിലായി. കിളിമാനൂർ പുളിമാത്ത് ചരുവിള പുത്തൻവീട്ടിൽ സുജിനാണ് (21) പിടിയിലായത്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജഹാംഗീറിന്റെ കലയപുരത്തെ വീട്ടിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. ജൂലായ് 19ന് രാത്രി പത്തോടെയായിരുന്നു സംഭവം. എസ്.ഐ ജഹാംഗീർ തന്റെ അമ്മയുമായി അഞ്ചലിലെ ആശുപത്രിയിൽ പോയിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ട കാര്യം മനസിലായത്. പിന്നാലെ ചിതറ പൊലീസിൽ പരാതി നൽകി. നിരീക്ഷണ കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷയിൽ എത്തിയ രണ്ടുപേരാണ് ബൈക്ക് മോഷ്ടിച്ചതെന്ന് വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുജിൻ പിടിയിലായത്. കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുന്നു.