ezhukone
മന്ത്രി കെ.എൻ.ബാലഗോപാലും ദേശീയപാത അധികൃതരും എഴുകോണിൽ സന്ദർശനം നടത്തിയപ്പോൾ.

എഴുകോൺ : ദേശീയപാത 744ൽ എഴുകോണിലെ ബ്ലാക്ക് സ്പോട്ട് ഒഴിവാക്കാൻ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നാറ്റ് പാക്കിനെ ചുമതലപ്പെടുത്തി. മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഇടപെടലിനെ തുടർന്നാണിത്. കഴിഞ്ഞദിവസം മന്ത്രിയും ദേശീയ പാത - പൊതുമരാമത്ത്-ഗ്രാമ പഞ്ചായത്ത് അധികൃതരും പൊതു പ്രവർത്തകരും സ്ഥലം സന്ദർശിച്ചു. ദേശീയ പാത പ്രോജക്ട് ഡയറക്ടർ ബിപിൻ മധു, എൻ.എച്ച്.പി. ഡബ്ലൂ ഡി.ഇ.ഇ. ജോൺ കെന്നത്ത്, നാറ്റ് പാക് സയന്റിസ്റ്റുകളായ അരുൺ ചന്ദ്രൻ, ആഷിക്. കെ.ആസാദ് എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം, സി.പി.എം.ഏരിയാ സെക്രട്ടറി ജെ. രാമാനുജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.പി. മനേക്ഷ,എസ്. ഓമനക്കുട്ടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ് , സി.പി.ഐ നേതാക്കളായ കെ.ബി. ബിജു, എൻ. പങ്കജരാജൻ, മിനി അനിൽ എന്നിവർ പങ്കെടുത്തു.

നിലവിൽ മൂന്ന് ബ്ലാക്ക് സ്പോട്ടുകൾ

ദേശീയപാത 744 ൽ നിലവിൽ മൂന്ന് ബ്ലാക്ക് സ്പോട്ടുകളാണുള്ളത്. എഴുകോൺ, കൊട്ടാരക്കര പുലമൺ, കിഴക്കേതെരുവ് എന്നിവയാണവ. 8 അപകട മേഖലകളാണ് ഉണ്ടായിരുന്നത്. അഞ്ചിടത്ത് പരിഹാരം കണ്ടു.

ഹ്രസ്വ-ദീർഘകാല പരിഹാരങ്ങൾ

ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യയുടെ നിർദ്ദേശാനുസരണം ഹ്രസ്വ-ദീർഘകാല പരിഹാരങ്ങളെക്കുറിച്ചാണ് നാറ്റ് പാക് പഠിക്കേണ്ടത്. പഠന റിപ്പോർട്ടിന് അനുസൃതമായി റീജണൽ തലത്തിൽ പരിഹാരമുണ്ടാക്കാം. അപകട കാരണങ്ങളാണ് നാറ്റ് പാക്ക് വിലയിരുത്തേണ്ടത്.

ടോട്ടൽ സ്റ്റേഷൻ സർവ്വേ

ടോട്ടൽ സ്റ്റേഷൻ സർവേയാണ് പ്രധാനം. ഇതിന് എം പാനൽ ചെയ്തിട്ടുള്ള ഏജൻസികളുണ്ട്. ഇവരെയോ കരാർ നടപടികൾ പാലിച്ച് പുറത്തുള്ളവരെയോ ഏൽപ്പിക്കാം.

പരിഹാരം അകലെ

എഴുകോൺ ദേശീയ പാതയിൽ അപകടങ്ങൾ പതിവായിട്ട് നാളുകളായി. നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്. ഒന്നര ദശാബ്ദത്തിലധികമായി പല നിർദ്ദേശങ്ങളും ഉയരുന്നുണ്ട്. ഒന്നും പ്രാവർത്തികമായിട്ടില്ല.

എഴുകോണിനെ മൂന്നായി വിഭജിക്കുന്ന റോഡ് നില മാറണം. ചെങ്കുത്തായ കയറ്റിറക്കങ്ങളും ചരിവും ഒഴിവാക്കണം. ജംഗ്ഷന്റെ ഹൃദയ ഭാഗത്തെ വിഭജനം ഒഴിവാക്കി വിശാല ജംഗ്ഷൻ ഒരുക്കണം. റെയിൽവേ മേൽപ്പാലത്തിലേക്കുള്ള അനുബന്ധ റോഡിന്റെ ഉയരവും ചരിവും ക്രമീകരിക്കുന്നതിലൂടെ അപകടങ്ങൾ ഒഴിവാക്കാനാകും.

പഠനത്തിന് 60 ദിവസം ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗം തീർക്കണമെന്നാണ് നിർദ്ദേശം.

അരുൺ ചന്ദ്രൻ

സയന്റിസ്റ്റ്, നാറ്റ്പാക്.