കൊല്ലം: ലൈസൻസും സുരക്ഷിതത്വവുമില്ലാതെ സർവീസ് നടത്തുന്ന ഉൾനാടൻ ജലയാനങ്ങളെ പിടിച്ചുകെട്ടാൻ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനൊപ്പം എൻഫോഴ്സ്മെന്റും ശക്തമാക്കാൻ കേരള മാരിടൈം ബോർഡ്.

ഉൾനാടൻ ജലാശയങ്ങൾ കേന്ദ്രീകരിച്ച് സ്പീഡ് ബോട്ട് ഉപയോഗിച്ച് നിരന്തര പരിശോധന വൈകാതെ ആരംഭിക്കും. അനധികൃത ബോട്ടുകൾ വ്യാപകമാകുന്നതിനൊപ്പം അപകടങ്ങളും തുടർച്ചയാകുന്ന പശ്ചാത്തലത്തിലാണ് നടപടി.

അടുത്തമാസം ഒന്ന് മുതൽ കെ നൗക പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ ആരംഭിക്കും. കടൽ ഒഴികെയുള്ള എല്ലാ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യന്ത്രവത്കൃത യാനങ്ങളാണ് രജിസ്റ്റർ ചെയ്യേണ്ടത്. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള യാനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ പോർട്ടലിലേക്ക് മാറ്റുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. ആദ്യഘട്ട രജിസ്ട്രേഷൻ പൂർത്തിയാകുന്നതിന് പിന്നാലെ കോസ്റ്റൽ പൊലീസിന്റെ സഹായത്തോടെ മിന്നൽ പരിശോധന ആരംഭിക്കും. രജിസ്ട്രേഷനില്ലാത്ത ബോട്ടുകൾ പിടിച്ചെടുത്ത് കർശനമായ നടപടിക്കാണ് തീരുമാനം.

രജിസ്ട്രേഷനുമായി കെ നൗക പോർട്ടൽ
 രജിസ്റ്റർ ചെയ്യുമ്പോൾ നമ്പരിനൊപ്പം ക്യു.ആർ കോഡ്

 ക്യു ആർ കോഡ് യാനത്തിൽ പതിക്കണം

 ക്യു ആർ കോഡില്ലാത്ത യാനങ്ങൾക്കെതിരെ പരാതിപ്പെടാം
 ക്യു ആർ കോഡിൽ യാനത്തിന്റെ പൂർണ വിവരം
 ശേഷിയലധികം യാത്രക്കാരെ കയറ്റിയാൽ തിരിച്ചറിയാം

കേന്ദ്ര സർക്കാരിന്റെ പുതിയ ഇൻലാൻഡ് വെസൽ ആക്ട് പ്രകാരം ഉൾനാടൻ യാനങ്ങളുടെ രജിസ്ട്രേഷന് സംസ്ഥാന സർക്കാർ കേരള മാരിടൈം ബോർഡിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

എൻ.എസ്.പിള്ള, ചെയർമാൻ

കേരള മാരിടൈം ബോർഡ്