കൊല്ലം: മൺറോത്തുരുത്ത് നെന്മേനി തെക്കിനെയും കക്കാട്ട്കടവിനെയും കിഴക്കേക്കല്ലടയിലെ ശിങ്കാരപ്പള്ളിയേയും ബന്ധിപ്പിച്ച് പുത്തനാറി​ൽ നി​ർമ്മി​ക്കുന്ന പാലത്തിന്റെ വിശദരൂപരേഖയ്ക്ക് പൊതുമരാമത്ത് ചീഫ് എൻജിനിയറുടെ അംഗീകാരം. പദ്ധതിക്ക് ഭരണാനുമതി ആവശ്യപ്പെട്ട് ചീഫ് എൻജിനിയർ ഇന്നലെ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി.

മൺറോത്തുരുത്തിൽ നിന്ന് പുറത്തേക്കുള്ള ഏക റോഡ് മാർഗ്ഗം ഇടിയക്കടവ് പാലമാണ്. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് കക്കാട്ട്കടവ് ശിങ്കാരപ്പള്ളി പാലം ഉദ്ദേശി​ക്കുന്നത്. രണ്ട് മാസം മുൻപ് ശക്തമായ ഒഴുക്കിൽ ഇടിയക്കടവ് പാലത്തി​ന്റെ പാർശ്വഭിത്തി തകർന്ന് ഗതാഗതം സ്തംഭിച്ചിരുന്നു. മഴ ശക്തമാകുമ്പോൾ സമാന സംഭവം ആവർത്തിക്കാൻ സാദ്ധ്യതയുണ്ട്. ഇതോടെ മൺറോതുരുത്തിൽ നിന്നു പുറത്തേക്കുള്ള റോഡ് ഗതാഗതം അടയും. കക്കാട്ട്കടവ് പാലം യാഥാർത്ഥ്യമായാൽ ഈ അവസ്ഥയ്ക്ക് പരിഹാരമാകും.

കക്കാട്ട്കടവിൽ നിന്നു ശിങ്കാരപ്പള്ളിയിലേക്ക് നിലവിൽ കടത്ത് സർവീസുണ്ട്. പുതിയ പാലത്തിന്റെ എസ്റ്റിമേറ്റിൽ ശിങ്കാരപ്പള്ളി ഭാഗത്ത് ഏഴ് മീറ്റർ വീതിയിൽ 300 മീറ്ററോളം നീളത്തിൽ റോഡ് വികസനവും ഉൾപ്പെടുത്തി​. റോഡ് വികസനത്തിനും അപ്രോച്ച് റോഡിനുമായി ഇരുവശത്തും സ്ഥലം ഏറ്റെടുക്കേണ്ടി വരും.

വേണം, ജനകീയ ഇടപെടൽ

കക്കാട്ട്കടവ്- ശിങ്കാരപ്പള്ളി പാലം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇപ്പോഴാണ് പാലത്തിനുള്ള പദ്ധതി തയ്യാറായത്. എന്നാൽ പാലം യാഥാർത്ഥ്യമാക്കാൻ സർക്കാർ പണം അനുവദിക്കണമെങ്കിൽ ശക്തമായ ജനകീയ ഇടപെടൽ ഉണ്ടാകണം.

.........................................

കക്കാട്ട്കടവ്- ശിങ്കാരപ്പള്ളി പാലം

 162 മീറ്റർ നീളം

 11 മീറ്റർ വീതി

 9 മീറ്റർ ക്യാരേജ് വേ
 ഒന്നര മീറ്റർ വീതം നടപ്പാത

 19.70 കോടിയുടെ എസ്റ്റിമേറ്റ്