കൊല്ലം: വിരമിച്ചവരെയും സർവീസിലുള്ളവരെയും മുൻകാല ജനപ്രതിനിധികളെയും ഉൾപ്പടെ ബാദ്ധ്യതകളുടെ പേരിൽ കോർപ്പറേഷൻ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ പെൻഷണേഴ്‌സ് അസോസിയേഷൻ ധർണ നടത്തി. 1985 നും 2015 നും ഇടയിൽ സർവീസിലുണ്ടായിരുന്നവരുടെയും ഇപ്പോൾ പല മുനിസിപ്പാലിറ്റികളിലും ജോലി ചെയ്യുന്നവരുടെയും പേരിൽ ബാദ്ധ്യതയും സർവീസ് കാലം മുതൽ 18 ശതമാനം പലിശയും ചുമത്തി കോർപ്പറേഷൻ നോട്ടീസ് അയച്ചതിൽ പ്രതിഷേധിച്ചായിരുന്നു ധർണ. നൂറ്റൻപതോളം ജീവനക്കാർ പങ്കെടുത്തു. അസോ. സംസ്ഥാന സെക്രട്ടറി കെ.സുനിൽ ബാബു ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം എം.പി.മോഹൻ കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ.ചന്ദ്രികാദേവി, ജി.ജോഷ്, എൽ.ഗോപകുമാർ, മധുസൂദനൻ, ചന്ദ്രസേനൻ, പി.വിക്രമൻ പിള്ള എന്നിവർ സംസാരിച്ചു. പ്രതിഷേധക്കാർ മേയർക്ക് നിവേദനം നൽകി.