train

കൊല്ലം: കൊല്ലം- ചെങ്കോട്ട പാതയിൽ ഇന്ന് മുതൽ പൂർണമായും വൈദ്യുതി എൻജിനുകൾ ഉപയോഗിച്ച് ട്രെയിനുകൾ ഓടും. തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്‌പ്രസാകും ആദ്യം ഓടുക.

ഒരുവർഷം മുമ്പെ കൊല്ലം- ചെങ്കോട്ട പാതയുടെ വൈദ്യുതീകരണം പൂർത്തിയായിരുന്നു. റെയിൽവേ പ്രിൻസിപ്പൽ ചീഫ് എൻജിനിയർ നടത്തിയ പരിശോധനയിൽ നിർദ്ദേശിച്ച മാറ്റങ്ങളും പുനലൂരിലെയും ചെങ്കോട്ടയിലെയും സബ് സ്റ്റേഷനുകളുടെ നിർമ്മാണവും ലൈനിലേക്ക് കടപുഴകാൻ സാദ്ധ്യതയുള്ള മരങ്ങൾ വെട്ടിനീക്കലും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.

ഇതിൽ പ്രിൻസിപ്പൽ ചീഫ് എൻജിനിയർ നിർദ്ദേശിച്ച പരിഷ്കാരങ്ങളും ചെങ്കോട്ട സബ് സ്റ്റേഷനും മരങ്ങൾ മുറിച്ചുനീക്കലും പൂർത്തിയായതോടെയാണ് വൈദ്യുതി ഉപയോഗിച്ച് പൂർണ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. പുനലൂരിലെ സബ് സ്റ്റേഷൻ പൂർത്തിയായില്ലെങ്കിലും കൊല്ലം ​-ചെങ്കോട്ട സബ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കാം.

പല ഘട്ടങ്ങളായാണ് കൊല്ലം- ചെങ്കോട്ട പാതയുടെ വൈദ്യുതീകരണം പൂർത്തിയായത്. അതുകൊണ്ട് തന്നെ വൈദ്യുതീകരണം നടന്ന പ്രദേശങ്ങളിൽ വൈദ്യുതിയിലും അല്ലാത്തിടങ്ങളിൽ ഡീസൽ ഉപയോഗിച്ചുമാണ് പല ട്രെയിനുകളും സർവീസ് നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ എൻജിൻ മാറ്റുന്നതിന് സമയം നഷ്ടമായിരുന്നു. കൊല്ലം മുതൽ പുനലൂർ വരെയുള്ള വൈദ്യുതീകരണം വളരെ നേരത്തെ പൂർത്തിയായിരുന്നു. 49 കിലോമീറ്റർ നീളുന്ന പുനലൂർ-ചെങ്കോട്ട പാതയിൽ എട്ടുകിലോമീറ്റർ നീളമുള്ള പുനലൂർ-ഇടമൺ സെക്‌ഷനിലും 6 കിലോമീറ്റർ നീളുന്ന ഭഗവതിപുരം-ചെങ്കോട്ട സെക്‌ഷനിലും ഒന്നരവർഷം മുമ്പേ വൈദ്യൂതീകരിച്ചിരുന്നു. ഇടമൺ മുതൽ ഭഗവതിപുരം വരെയുള്ള ഭാഗമാണ് ഏറ്റവും ഒടുവിൽ വൈദ്യുതീകരിച്ചത്.

പൂർണമായും വൈദ്യുതി സർവീസ്

 നിലവിൽ പാത പൂർണമായും വൈദ്യുതീകരിച്ചു

 പാതയിൽ കൂടുതൽ മെമു ട്രെയിനുകൾക്ക് സാദ്ധ്യത

 മീറ്രർ ഗേജ് പാതയിൽ ആദ്യം കൽക്കരി തീവണ്ടി
 1904 മുതൽ പാസഞ്ചർ ട്രെയിൻ
 2018 ൽ കൊല്ലം - ചെങ്കോട്ട പാത ബ്രോഡ്ഗേജായി

 വൈദ്യുതീകരണം ഭാഗികമായതോടെ ഇലക്ട്രിക്, ഡീസൽ എൻജിൻ

പാതയിലെ ട്രെയിനുകൾ

 പാലരുവി
 ചെന്നൈ - എഗ്മോർ

 മധുര - ഗുരുവായൂർ എക്സ്‌പ്രസ്

പാത ചരക്ക് ഗതാഗതത്തിന്

തുറന്നത് 1902ൽ

പ്രവഹിക്കുന്ന വൈദ്യുതി

25000 വോൾട്ട്

പുനലൂർ സബ് സ്റ്റേഷൻ പൂർത്തിയായില്ലെങ്കിലും കൊല്ലം - ചെങ്കോട്ട സബ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചായിരിക്കും സർവീസ്.

റെയിൽവേ അധികൃതർ