photo
കൊല്ലം-ചെങ്കോട്ട റെയിൽ പാതയിൽ 13കണ്ണറ പാലത്തിലൂടെ കടന്നുവരുന്ന ഇലക്ട്രിക് ട്രെയിൻ

പുനലൂർ: രാജഭരണകാലത്ത് ആരംഭിച്ച തിരുവിതാംകൂറിലെ ആദ്യ റെയിൽ പാതയായ കൊല്ലം-ചെങ്കോട്ട റെയിൽവേ റൂട്ടിൽ ഇന്ന് പൈതൃക യാത്ര നടക്കും. തെന്മല 13കണ്ണറ പ്രൊട്ടക്ഷൻ ആൻഡ് പാസഞ്ചേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കൊല്ലം മുതൽ തെന്മല വരെയുളള റൂട്ടിൽ പൈതൃക യാത്ര നടത്തുന്നത്.

കൊല്ലം-ചെങ്കോട്ട പാതയിലൂടെ ട്രെയിൻ ഓടിയതിന്റെ 120ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.20ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ-മധുര ട്രെയിനിലാകും യാത്ര. ഫ്രണ്ട്സ് ഒഫ് കേരള എന്ന സംഘടനയുമായി ചേർന്ന് ഉച്ചയ്ക്ക് 2ന് തെന്മലയിൽ എത്തിച്ചേരും. തുടർന്ന് 13കണ്ണറ പാലവും തെന്മലയിലെ വിനോദ സഞ്ചാര കേന്ദ്രവും സന്ദർശിക്കും. യാത്രാ വേളയിൽ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളും നിവേദനങ്ങളും ക്രോഡീകരിച്ച് എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മുഖേന കേന്ദ്ര മന്ത്രിക്ക് കൈമാറും. 2ന് തെന്മലയിൽ എത്തിച്ചേരുന്ന യാത്രയെ തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ സ്വീകരിക്കും. പസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ടി.ഫിലിപ്പ്, സെക്രട്ടറി സ്റ്റാർസി രത്നാകരൻ, ഡോ. ഇടമൺ റെജി, കെ.എൻ.സുഭാഷ്, ആസാദ് ആശീർവാദ് തുടങ്ങിയവർ നേതൃത്വം നൽകും.