മയ്യനാട്: താന്നി സ്വർഗപുരം ദേവീ ക്ഷേത്രത്തിൽ ആഗസ്റ്റ് 3ന് നടക്കുന്ന കർക്കടക വാവ് ബലിതർപ്പണത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. യോഗത്തിൽ ക്ഷേത്രം പ്രസിഡന്റ് തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം സെക്രട്ടറി ബി.എസ്. സജീവിനെ ജനറൽ കൺവീനറായും എം.ശശി, ശശീന്ദ്രൻ, ഷാജി ബാഹുലേയൻ എന്നിവരെ ജോയിന്റ് കൺവീനർമാരായും 51 പേരടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
300 പേർക്ക് ഒരേസമയം തർപ്പണം നടത്താൻ 120 അടി നീളമുള്ള രണ്ടു പന്തലുകൾ ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണത്തോടൊപ്പം തിലഹവനത്തിനുള്ള സൗകര്യവുമുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക വരി സംവിധാനം ഒരുക്കുന്നുണ്ട്. ഡി.ടി.ഡി.സിയുടെ നേതൃത്വത്തിൽ ലൈഫ് ഗാർഡിന്റെ സേവനത്തിനു പുറമെ പ്രദേശത്തെ യുവാക്കളുടെയും മത്സ്യതൊഴിലാളികളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ബലിതർപ്പണത്തിന് എത്തുന്നവർക്ക് കോർപ്പറേഷന്റെ വകയായി ശുദ്ധജല വിതരണവും എസ്.എൻ.ഡി.പി യോഗം താന്നി ശാഖയുടെ നേതൃത്വത്തിൽ ചുക്ക് കാപ്പി വിതരണവും നടക്കും. പ്രദേശം സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. ആംബുലൻസ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ്, ഡി.ടി.ഡി.സി, ഫയർ ആൻഡ് റെസ്ക്യു, കെ.എസ്.ഇ.ബി എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ബലിതർപ്പണത്തിന് എത്തുന്നവർക്കായി പാരിപ്പള്ളി, കൊട്ടിയം, പെരുമൺ, ചവറ, വാടി എന്നിവടങ്ങളിൽ നിന്നു വാഹന സൗകര്യം ഉണ്ടായിരിക്കും. ആഗസ്റ്റ് 3ന് പുലർച്ചെ 3 മുതൽ ബലിതർപ്പണം തുടങ്ങും.