കൊല്ലം: കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ജില്ലയിലെങ്ങും ഇടം ലഭിക്കാത്ത സാഹചര്യത്തിൽ മൊബൈൽ യൂണിറ്റുകൾ ഇറക്കാൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ തീരുമാനം. മിനിലോറിയുടെ രൂപത്തിലുള്ള മൂന്ന് മൊബൈൽ യൂണിറ്റുകളാകും ആദ്യം വാങ്ങുക.
ആശുപത്രികൾ, സ്കൂളുകൾ ഉൾപ്പടെയുള്ള പൊതുസ്ഥാപനങ്ങളിലെ മാലിന്യം സൗജന്യമായി സംസ്കരിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും നിശ്ചിത ഫീസ് വാങ്ങും. ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ സമാനമായ വാഹനം നിലവിൽ ഉപയോഗിക്കുന്നുണ്ട്. സെപ്ടിക് ടാങ്കുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം വാഹനത്തിനുള്ളിൽ സംസ്കരിക്കും. പിന്നീട് വളമാക്കി വിൽക്കും. വളമാക്കി മാറ്റുന്നതിന് കേവലം 500 ചതുരശ്രയടി സ്ഥലം മതി. ഓരോ ബ്ലോക്കിലും ഓരോ മൊബൈൽ യൂണിറ്റ് വീതം രണ്ടാംഘട്ടത്തിൽ ലഭ്യമാക്കും. ഒരു യൂണിറ്റിന് ഏകദേശം 45 ലക്ഷം രൂപയാണ് വില.