കൊട്ടാരക്കര: ഇടയ്ക്കിടം- പിണറ്റിൻമൂട് നീലേശ്വരം റോഡ് തകർന്നു. വാഹന യാത്രികർ തീർത്തും ബുദ്ധിമുട്ടിൽ. അധികൃതർ കണ്ണടയ്ക്കുന്നു. ഇടയ്ക്കിടം ജംഗ്ഷനിൽ നിന്ന് തുടങ്ങി നാനൂറ് മീറ്ററെത്തുമ്പോഴുള്ള കലുങ്കിന് സമീപത്ത് റോഡ് വലിയ തോതിൽ തകർന്നിട്ടുണ്ട്. ഇവിടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നു.
അറ്റകുറ്റപ്പണികൾ ഫലം ചെയ്യുന്നില്ല
2019ൽ എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചാണ് ഇവിടെ കലുങ്ക് നിർമ്മിച്ചത്. എന്നാൽ ഇവിടുത്തെ റോഡിന്റെ തകർച്ച മാറിയിട്ടേയില്ല. കലുങ്കിന് തൊട്ടടുത്തായി കുഴികൾ എല്ലാക്കാലത്തുമുണ്ട്. എത്ര അടച്ചാലും അത് പഴയപടി തുടരുകയും ചെയ്യും. 2020ൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി അറ്റകുറ്റപ്പണികളൊക്കെ നടത്തിയതുമാണ്. പക്ഷെ, റോഡ് കുണ്ടും കുഴിയുമായി മാറി.