കുന്നത്തൂർ: ശാസ്താംകോട്ട വേങ്ങയിൽ വൃദ്ധനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട വേങ്ങ വിഗ്നേഷ് ഭവനിൽ വിശ്വനാഥൻ പിള്ളയാണ് (71) മരിച്ചത്. ശനിയാഴ്ച രാവിലെ 11 ഓടെ ശാസ്താംകോട്ട സ്റ്റേഷനിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിലെത്തുമ്പോൾ മുറിയിലെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. ഉടൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. രാത്രിയിൽ ആഹാരം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഭാര്യ രമാദേവി തൊട്ടടുത്ത് താമസിക്കുന്ന മകളുടെ വീട്ടിലായിരുന്നു. മകൻ വിഗ്നേഷ് മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇയ്യാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മകളുടെ ഭർത്താവ് രതീഷ് നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ശാസ്താംകോട്ട എസ്.എച്ച്.ഒ അറിയിച്ചു.