കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗൺ കക്കൂസ് മാലിന്യത്തെ തുടർന്ന് ദുർഗന്ധ പൂരിതമായി. കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്ന് പുറന്തള്ളിയ കക്കൂസ് മാലിന്യമാണ് നഗരത്തെ മലിനമാക്കിയത്. ഓടയിലേക്ക് മോട്ടോർ വെച്ച് പുറന്തള്ളിയ മാലിന്യങ്ങൾ ഇന്നലെ രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. സ്ഥാപനത്തിലെ കക്കൂസുകളിൽ നിന്നുള്ള പൈപ്പുകൾ ദേശീയപാതയിലെ ഓടയിലാണ് ബന്ധിപ്പിച്ചിരിക്കുനത്. അർദ്ധരാത്രിക്ക് ശേഷമാണ് മാലിന്യങ്ങൾ ഓടയിലേക്ക് തള്ളിവിടുന്നത്.
ഓടയുമായി ബന്ധിപ്പിച്ച് മാലിന്യപൈപ്പ്
മഴയായതിൽ മാലിന്യങ്ങൾ ഓടയിലൂടെ ഒഴുകി പോകും. കഴിഞ്ഞ ദിവസം തള്ളിയ മാലിന്യങ്ങൾ ഓടയിൽ തന്നെ കെട്ടി നിന്നതാണ് വ്യാപാര സ്ഥാപനത്തിന് വിനയായത്. ശുചീകരണ തൊഴിലാളികൾ എത്തി മാലിന്യങ്ങൾ മണ്ണ് ഇട്ട് മൂടി. അതിന് ശേഷമാണ് യാത്രക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യാനായത്. കരുനാഗപ്പള്ളി ടൗണിലെ ഒട്ടുമിക്ക വ്യാപര സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ പുറന്തള്ളുന്നതിനുള്ള പൈപ്പുകൾ ഓടയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.
വ്യാപാര സ്ഥാപനങ്ങളിലെ വിസർജ്ജ്യങ്ങൾ പൊതു ഓടയിലേക്ക് തള്ളിവിടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം.
നാട്ടുകാർ