കൊല്ലം: ഗതാഗത തടസത്തെ തുടർന്ന് പി.എസ്.സി പരീക്ഷ കേന്ദ്രത്തിൽ എത്താൻ വൈകിയ ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കാഞ്ഞതിനെ തുടർന്ന് ഉദ്യോഗാർത്ഥികളും രക്ഷിതാക്കളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു.

ചവറ ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർഥികൾ മൂന്ന് മിനിട്ട് താമസിച്ച് എത്തിയതായിരുന്നു പ്രശ്‌നങ്ങൾക്ക് തുടക്കം.

സ്‌കൂളിലെ പ്രധാന വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് പരീക്ഷയെഴുതാനെത്തിയർ അകത്ത് കയറി പരീക്ഷ എഴുതേണ്ട ക്ലാസ് മുറിയുടെ നമ്പർ നോക്കുന്നതിനിടയിൽ പി.എസ്.സി ഉദ്യോഗാസ്ഥൻ എത്തി ബോർഡിൽ പ്രദർശിപ്പിച്ചരുന്ന റോൾ നമ്പർ കീറിക്കളഞ്ഞതായി ഉദ്യോഗാർഥികൾ പറഞ്ഞു. തുടർന്ന് ഇവരോടൊപ്പം എത്തിയ രക്ഷിതാക്കളും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമായി.

സംഭവം അറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ചവറ പൊലീസെത്തി ഇവരെ തടഞ്ഞു. പ്രവർത്തകരും പൊലിസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഗേറ്റിന് പുറത്ത് രക്ഷിതാക്കളും പരീക്ഷ എഴുതാൻ കഴിയാത്ത ഇരുപതോളം ഉദ്യോഗാർത്ഥികളും പരീക്ഷ കഴിയുന്നത് വരെ പ്രതിഷേധവുമായി നിന്നു.

തിരുവനന്തപുരം അടക്കമുള്ള ദൂരെ സ്ഥലങ്ങളിൽ നിന്നെത്തിയ തങ്ങൾ ദേശീയപാത നിർമ്മാണത്തിന്റെ ഗതാഗത കുരുക്ക് കാരണമാണ് വൈകിയതെന്നും മാനുഷിക പരിഗണനയുടെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞ് പരീക്ഷ ഹാളിൽ പ്രവേശിക്കരുതെന്ന് പി.എസ്.സി ചട്ടമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.