പടിഞ്ഞാറെ കല്ലട: പഞ്ചായത്തിലെ വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിന് നാളെ മുതൽ കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളിയിൽ നിന്ന് നെൽപ്പരക്കുന്ന് വഴി കൊല്ലത്തിന് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു.നാളെ രാവിലെ 9ന് വെസ്റ്റ് കല്ലട ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ബസിന്റെ ആദ്യ ട്രിപ്പ് ഫ്ലാഗ് ഒഫ് ചെയ്യും.
രാവിലെയും വൈകിട്ടും
രാവിലെ 8ന് കെ.എസ്.ആർ.ടി.സിയുടെ കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് പുതിയകാവ്, ചക്കുവള്ളി ,ഭരണിക്കാവ് ,ശാസ്താംകോട്ട ,കാരളിമുക്ക്, തലയിണക്കാവ് ,നെൽപ്പരക്കുന്ന് കടപുഴ, ചിറ്റുമല ,കുണ്ടറ വഴി കൊല്ലത്ത് എത്തിച്ചേരും. തിരികെ വൈകിട്ട് 3ന് കൊല്ലത്തു നിന്നും പുറപ്പെട്ട് ഇതേ റൂട്ടിൽ 4ന് നെൽപ്പുരക്കുന്നിലും 5ന് കരുനാഗപ്പള്ളിയിലും എത്തിച്ചേരും.
ഒടുവിൽ മന്ത്രി ഇടപെട്ടു
കുട്ടികളുടെ യാത്രാദുരിതത്തെകുറച്ച് കേരളകൗമുദി നിരന്തരം വാർത്ത നൽകിയിരുന്നു. കൂടാതെ കല്ലട സൗഹൃദം കൂട്ടായ്മ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നേരിട്ട് നിവേദനങ്ങൾ നൽകുകയുണ്ടായി.കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഗതാഗത വകുപ്പ് മന്ത്രിയെ ഫോണിൽ നേരിട്ട് വിളിക്കുകയും കുട്ടികളുടെ യാത്രാദുരിതം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.