പരാതികൾ ഗൗനിക്കാതെ അധികൃതർ
അഞ്ചാലുംമൂട്: കടവൂർ വഴി പള്ളിവേട്ടചിറയിൽ നിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന റോഡ് തകർന്ന് മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. നാട്ടുകാർ പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ ഗൗരവത്തിൽ എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡാണെങ്കിലും ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതാണ് റോഡ് തകരാൻ കാരണമെന്ന് അധികൃതർ പറയുന്നു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിൽ ഇരുചക്ര വാഹനങ്ങൾ സാഹസികമായി ഓടിച്ചാൽ മാത്രമേ ബൈപ്പാസിലേക്കും എതിർവശത്തെ നീരാവിൽ ഭാഗത്തെ റോഡിലേക്കും പ്രവേശിക്കാനാകൂ.
നീരാവിൽ എൽ.പി.സ്‌കൂൾ, നീരാവിൽ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് സ്‌കൂളിലേക്കും മറ്റും ഇതുവഴി കാൽനടയായിപ്പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. കാവനാട്, കുരീപ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളും നീരാവിൽ നിന്ന് കടവൂരിലേക്ക് വരുന്ന വാഹനങ്ങളും ഉൾപ്പെടെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഈ തകർന്ന റോഡിലൂടെ കടന്നുപോകുന്നത്. ടാർ ഇളകിമാറി പലേടത്തും വൻ ഗർത്തങ്ങളായി. കുഴികളും കടന്ന് മുന്നോട്ട് പോകുന്ന് വാഹനങ്ങൾക്ക്, ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന റോഡിലുള്ള ആറ് ചെറിയ ഹമ്പുകൾ കടക്കുന്നതും പ്രയാസമാണ്. പല ഇരുചക്ര വാഹനങ്ങളും ഈ കുഴിയിൽ വച്ച് ഓഫാകുന്നതും നിയന്ത്രണം വിട്ട് വീഴുന്നതും സ്ഥിരം കാഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു.
നിയന്ത്രണം വിടുന്ന വാഹനങ്ങൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറാനും സാദ്ധ്യതയേറെയാണ്.
ആശുപത്രി യാത്ര കഠിനം
കുഴികൾ നിറഞ്ഞ ഈ റോഡിലൂടെയുള്ള ആശുപത്രി യാത്ര രോഗിയുടെ നില വഷളാക്കുമെന്ന് നാട്ടുകാർ പറയുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര സ്ഥിരമായതോടെ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർക്ക് നടുവ് വേദന അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കും അറ്റകുറ്റപ്പണിയും കൂടുന്നു. എത്രയും വേഗം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.