കാലണ പ്രതിഫലം വാങ്ങാതെ കമലമ്മയുടെ സേവനം
കൊല്ലം: കരിക്കോട് ജംഗ്ഷനിൽ കമലമ്മ 'ട്രാഫിക് ഡ്യൂട്ടി'യിലുണ്ടെങ്കിൽ പൊലീസുകാർക്ക് ഈ ഭാഗത്തെ ടെൻഷൻ ഒഴിവായിക്കിട്ടും. മൂന്നു ദിശകളിൽ നിന്ന് വാഹനങ്ങൾ വരുന്ന ജംഗ്ഷനിൽ റോഡ് മറികടക്കാൻ വിദ്യാർത്ഥികൾ അടക്കമുള്ളവർ വല്ലാത്ത ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. ട്രാഫിക് വാർഡന്റെ കാക്കി സാരിയണിഞ്ഞെത്തുന്ന കമലമ്മ (62) ഇവിടെയുള്ളപ്പോൾ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ പോലും ഒരുവേളയൊന്നു ചവിട്ടിക്കൊടുക്കും.
കരിക്കോട് ടി.കെ.എം മണ്ണാന്റെ തെക്കതിൽ കമലമ്മ, ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കരിക്കോട് ജംഗ്ഷന്റെ ചുമതല ഏറ്റെടുത്തിട്ട് നാല് വർഷമായി. ഈ ചുവപ്പ് സിഗ്നലാണ് ജംഗ്ഷനിലെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷ. കിളിക്കൊല്ലൂർ പൊലീസിന്റെ ഡാറ്റാ ബുക്കിൽ കരിക്കോട് ജംഗ്ഷൻ സേഫ് ലിസ്റ്റിലാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ രാവിലെയും വൈകിട്ടും കമലമ്മയുടെ സംരക്ഷണത്തിൽ ഈ കവല മറികടക്കുന്നുണ്ട്. കമലമ്മയെ കോളേജിന് മുന്നിലെ ഗതാഗത നിയന്ത്രണം ഏൽപ്പിച്ച ശേഷം പൊലീസിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ശനിയും ഞായറും ഒഴികെ രാവിലെ 7.30ന് കമലമ്മ കോളേജിന് മുന്നിലെ ജംഗ്ഷനിലുണ്ടാകും.
ആഗ്രഹ സാഫല്ല്യം
കമലമ്മ ട്രാഫിക് വാർഡന്റെ കാക്കിസാരി അണിഞ്ഞതിന് പിന്നിലൊരു കാരണമുണ്ട്. അമ്മയുടെ അച്ഛൻ ഈസ്റ്റ് സ്റ്റേഷനിലെ മുൻ എസ്.ഐ ആണ്. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു കമലമ്മയെയും പൊലീസിൽ എത്തിക്കണമെന്ന്. പക്ഷേ, അത് നടന്നില്ല. അദ്ദേഹം സമ്മാനിച്ച സാരിയുടുത്താണ് ജോലിക്കെത്തുന്നത്. കോവിഡിന് മുൻപ് കരിക്കോട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ അറ്റൻഡർ ആയിരുന്നു. സ്ഥാപനം പൂട്ടിപ്പോയി. ഇതിന് ശേഷം കരിക്കോട് ബസ് സ്റ്റാൻഡിൽ, കൊച്ചു കുട്ടികളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്നത് അന്ന് ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ശ്രദ്ധിച്ചു. കമലമ്മയെകുറിച്ച് തിരക്കിയപ്പോൾ, എസ്.ഐയുടെ കൊച്ചുമകളാണെന്ന് അറിഞ്ഞു. തുടർന്നായിരുന്നു 'നിയമനം'. സഹോദരിക്കൊപ്പം കഴിയുന്ന അവിവാഹിതയായ കമലമ്മയ്ക്ക് ഒറ്റപ്പെടൽ മറക്കാനുള്ള വഴിയാണ് ഈ ജോലി.
തിരക്കോടു തിരക്ക്
രാവിലെ 7.30 മുതൽ 10വരെ കനത്ത തിരക്കാണ് ടി.കെ.എം കോളേജിന് മുന്നിലെ റോഡിലുള്ളത്. ഗതാഗത നിയമലംഘകരെ പൊലീസിന് ചൂണ്ടിക്കാട്ടാനും കമലമ്മയുടെ സഹായമുണ്ട്. വൈകുന്നേരങ്ങളിൽ പൊലീസ് ഇവിടെ പട്രോളിംഗിന് ഉണ്ടാകും.
പൊലീസിനെ കൂടാതെ സമീപത്തെ കടക്കാരും സ്‌കൂൾ, കോളേജ് അധികൃതരുമെല്ലാം കമലമ്മയ്ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്. അടുത്തിടെ റോട്ടറിക്ലബ്ബ് സേവനത്തെ ആദരിച്ചിരുന്നു.