കരുനാഗപ്പള്ളി: ദിവസം കഴിയുന്തോറും കരുനാഗപ്പള്ളി നഗരത്തിലെ മാലിന്യത്തിന്റെ അളവ് വർദ്ധിക്കുന്നു. കക്കൂസ് മാലിന്യത്തിന്റെ ദുർഗന്ധത്തിൽ മുങ്ങിയ അവസ്ഥയിലാണ് നഗരമിപ്പോൾ.
ജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കണമെന്ന നഗരസഭയുടെ നിർദ്ദേശങ്ങൾ പാലിക്കാറില്ലെന്നാണ് അടുത്ത കാലത്തുണ്ടായ സംഭവങ്ങൾ തെളിയിക്കുന്നത്. കരുനാഗപ്പള്ളി ടൗണിന്റെ ഹൃദയ ഭാഗത്ത് കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യങ്ങൾ രാത്രിയുടെ മറവിൽ ഓടയിലേക്ക് തള്ളിയത് ഏറെ വിവാദമായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ എത്തിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.
മാലിന്യം പള്ളിക്കലാറിലേക്ക്
കരുനാഗപ്പള്ളി ടൗണിൽ നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളുണ്ട്. പല സ്ഥാപനങ്ങളുടെയും കക്കൂസുകളുടെ പൈപ്പ് ദേശീയപാതയോരത്തുള്ള ഓടകളിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. രാത്രിയിൽ ടൗണിലെ തിരക്കൊഴിയുമ്പോൾ മാലിന്യങ്ങൾ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് ഓടയിലേക്ക് തള്ളും. ഇവിടെ നിന്ന് മാലിന്യങ്ങൾ ഒഴുകി പള്ളിക്കലാറിൽ ചെന്ന് ചേരും. വർഷങ്ങളായി ഇത് തുടരുകയാണ്.
കള്ളക്കളികൾ പുറത്തായി
വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് കക്കൂസ് മാലിന്യങ്ങൾ ഓടയിലേക്ക് തള്ളി വിട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നഗരത്തിലെ ഓട തന്നെ പൊതുമരാമത്ത് വകുപ്പ് നികത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് പുതിയ ഓടകൾ നിർമ്മിക്കാൻ ആരംഭിതോടെയാണ് കള്ളക്കളികൾ പുറത്തായത്. പുതിയ ഓടകളിൽ ദ്വാരം ഉണ്ടാക്കി പൈപ്പുകൾ ബന്ധിപ്പിച്ചതായിട്ടാണ് കാണുന്നത്. . നഗരസഭാ അധികൃതർ ഓടകളിൽ വിശദമായ പരിശോധനകൾ നടത്തിയാൽ ഇത്തരം സംഭവങ്ങൾ കണ്ടെത്താൻ കഴിയും
ഓടയിലേക്ക് മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ നഗരസഭ തയ്യാറായാൽ നഗരത്തിലെ ഇത്തരം സംഭവങ്ങൾ തടയാൻ കഴിയും.
നാട്ടുകാർ