photo
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഫാത്തിമ മാതാ നാഷണൽ കോളേജ് ലേണേഴ്സ് സപ്പോർട്ടിംഗ് സെന്ററിലെ ബി.എ മലയാളം ഒന്നാം വർഷ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'സായന്തന രശ്മികൾ' പുസ്തകം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി.ജഗതിരാജ് സിൻഡിക്കേറ്റ് മെമ്പർ അഡ്വ.ബിജു കെ.മാത്യുവിന് നൽകി പ്രകാശനം ചെയ്യുന്നു

പുസ്തകം പുറത്തിറക്കി ഓപ്പൺ യൂണി. പഠിതാക്കൾ

കൊല്ലം: കോളേജി​ലെ സഹപാഠി​കൾ, തങ്ങളുടെ രചനകൾ ഒരുമി​ച്ചു ചേർത്തൊരു പുസ്തകമാക്കി​യപ്പോൾ പ്രകാശനം ചെയ്യാനെത്തിയത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഫാത്തിമ മാതാ നാഷണൽ കോളേജ് ലേണേഴ്സ് സപ്പോർട്ടിംഗ് സെന്ററിലെ ബി.എ മലയാളം ഒന്നാം വർഷ വിദ്യാർത്ഥികളാണ് 'സായന്തന രശ്മികൾ' എന്ന പേരി​ൽ പുസ്തകം പുറത്തി​റക്കി​യത്.

ഞായറാഴ്ച ദിനങ്ങളിൽ കോളേജിലെ ക്ളാസ് മുറിയിലാണ് ഇവർ ഒത്തുകൂടുന്നത്. വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി കഥ, കവിത മത്സരങ്ങൾ നടത്തി. പിന്നെ കൂട്ടുകാരുടെ രചനകൾ കോർത്തിണക്കി പുസ്തകമാക്കാൻ പദ്ധതിയിട്ടു. ഫെബ്രുവരി 21ന് മാതൃഭാഷാ ദിനത്തിൽ തുടങ്ങിയ ദൗത്യം ഇന്നലെ പുസ്തകമാക്കി മലയാളത്തിന് സമർപ്പിക്കുകയായിരുന്നു. നേരത്തെ പുസ്തകത്തിന്റെ കവർപേജ് പ്രകാശനം ചെയ്യാനായി മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദനെ എത്തി​ച്ചി​രുന്നു. പുസ്തക പ്രകാശനം ക്ളാസ് മുറിയിൽവച്ചുതന്നെ നടത്തണമെന്നാണ് തീരുമാനിച്ചത്. ഇന്നലെ രാവിലെ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി.ജഗതിരാജ് പുസ്തകം പ്രകാശനം ചെയ്തു. സിൻഡിക്കേറ്റ് അംഗം അഡ്വ. ബിജു കെ.മാത്യു പുസ്തകം ഏറ്റുവാങ്ങി. എൽ.എസ്.സി കോ-ഓർഡിനേറ്റർ സാഗർ സൈമൺ ഫ്രാൻസിസ്, അദ്ധ്യാപിക ആശ കുറ്റൂർ, അനിൽകുമാർ താഴം, അരുൺകുമാർ കുരീപ്പുഴ, വിജയകുമാർ എന്നിവർ സംസാരിച്ചു. കോട്ടാത്തല ശ്രീകുമാർ അദ്ധ്യക്ഷത വഹി​ച്ചു. ശുഭദ, രജിന എന്നിവരുടെ പ്രാർത്ഥനാ ഗീതത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്.

ആദ്യമായ് കുറിച്ചവർ

18 മുതൽ 70 വയസുവരെയുള്ളവരാണ് ബി. മലയാളം ഒന്നാം വർഷ പഠിതാക്കളായി ഇവിടെയുള്ളത്. ഇവരിൽ 55 പേർ കവിതയും കഥയും അനുഭവക്കുറിപ്പുകളുമെഴുതി. ഫേസ് ബുക്കിൽ കവിതകൾ പോസ്റ്റ് ചെയ്യാറുള്ള നാലുപേരൊഴികെ ബാക്കിയുള്ളവരെല്ലാം ആദ്യമായി സാഹിത്യസൃഷ്ടി നടത്തിയവരാണ്. അതിന്റേതായ പാകപ്പിഴകൾ കൂട്ടുകാർ കൂടിയിരുന്ന് തിരുത്തി. പതിനെട്ടുകാരനായ അമീർഖാർ കവർപേജ് തയ്യാറാക്കി.

മൂന്നര പതിറ്റാണ്ടത്തെ അദ്ധ്യാപന പരിചയവും അനുബന്ധ പ്രവർത്തനങ്ങളുമുണ്ട്. ക്ളാസ് മുറിയിലെ കൂട്ടുകാർ ചേർന്നൊരു പുസ്തകം ഇറക്കുന്നത് ആദ്യ അനുഭവമാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠിതാക്കളാണെന്നത് തീർത്തും അഭിമാനവുമാണ്. പഠനത്തോടൊപ്പം സർഗശേഷി ഉണർത്താൻ നിരവധി പദ്ധതികൾ യൂണിവേഴ്സിറ്റി നടപ്പാക്കുന്നുണ്ട്. അതിനൊരു മുതൽക്കൂട്ടാകും ഈ പുസ്തകം

പ്രൊഫ.ഡോ.വി.പി.ജഗതിരാജ്, വൈസ് ചാൻസിലർ, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി