പുനലൂർ: കൈവരി സ്ഥാപിക്കാത്തത് കാരണം അപകടക്കെണിയായി മാറിയ പുനലൂർ-മൂവാറ്റുപുഴ റോഡിലെ നെല്ലിപ്പള്ളിയിൽ അപകടം ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചു. പാത നവീകരണങ്ങളുടെ ഭാഗമായി നെല്ലിപ്പള്ളിയിലെ 80 അടി താഴ്ചയിൽ ഒഴുകി പോകുന്ന തോടിന്റെ ഭാഗത്ത് കൈവരികൾ സ്ഥാപിച്ചിരുന്നില്ല. ഇത് ചൂണ്ടി കാട്ടി കേരളകൗമുദി കഴിഞ്ഞ ആഴ്ചയിൽ വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതർ ഇടപെട്ട് കൈവരികൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്.
ഭയന്ന് യാത്രക്കാർ
നെല്ലിപ്പള്ളിയിലെ ഗംഗപ്രസാദ് ഗ്യാസ് ഏജൻസിക്ക് സമീപത്തും എതിർവശത്തെ കല്ലടയാറ് കടന്ന് പോകുന്ന ഭാഗത്തെ നടപ്പാതയിലെ ഒരു വശത്തും മാത്രമായിരുന്നു ഇരുമ്പ് കൈവരികൾ സ്ഥാപിച്ചത്. ഒരു വശത്ത് മാത്രം കൈവരികൾ സ്ഥാപിച്ച രണ്ട് ഭാഗങ്ങളിലുമുള്ള വൻ കുഴി ഭയന്ന് നടപ്പാതയിലൂടെ കാൽ നടയാത്രക്കാർ നടന്ന് പോകാറില്ല. അശാസ്ത്രീയമായി നടപ്പാതയിൽ കൈവരി സ്ഥാപിച്ചതിൽ വൻ പ്രതിഷേധം ഉയർന്നെങ്കിലും ബന്ധപ്പെട്ടവർ തുടർ നടപടികൾ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.