തൊടിയൂർ: പഞ്ചായത്തിൽ പുലിയൂർ വഞ്ചി വെസ്റ്റ് ഒന്നാം വാർഡിൽ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പഞ്ചായത്ത് ഭരണത്തിന്റെ ഭാവി നിർണയിക്കുന്നതായിരിക്കും. മത്സര രംഗത്തുള്ള നാലു സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിലാണ്. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഇപ്പോൾ ഇരു വിഭാഗവും തുല്യ ശക്തികളാണ്. 23 അംഗ പഞ്ചായത്തിൽ വൈസ് പ്രസിഡന്റായിരുന്ന സലീം മണ്ണേലിന്റ മരണത്തോടെ ഇരുപക്ഷത്തും11 അംഗങ്ങൾ വീതമാണുള്ളത്. സി.പി.ഐയിലെ ബിന്ദു രാമചന്ദ്രൻ പ്രസിഡന്റും കോൺഗ്രസിലെ തൊടിയൂർ വിജയൻ വൈസ് പ്രസിഡന്റുമാണ്. സലീം മണ്ണേലിന്റെ മരണത്തെ തുടർന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് തൊടിയൂർ വിജയൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
പൊരിഞ്ഞ പോരാട്ടം
ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചാൽ ഭരണം നിലനിർത്താനും വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തൊടിയൂർ വിജയനെ ഒഴിവാക്കാനും കഴിയും. മറിച്ച് യു.ഡി.എഫ് വിജയിച്ചാൽ എൽ.ഡിഎഫിൽ നിന്ന് ഭരണം പിടിച്ചെടുക്കാനാവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ എസ്.ഡി.പി.ഐക്കാണ് വിജയമെങ്കിൽ ഭരണം ആര് നിയന്ത്രിക്കണമെന്ന് തീരുമാനിക്കുന്നത് അവരായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് 75 വോട്ടുകൾ ലഭിച്ചിരുന്നു. ഇക്കുറിയും എൻ.ഡി.എ മത്സര രംഗത്തുണ്ട്. എല്ലാവരും വിജയം ഉറപ്പിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ്.പൊരിഞ്ഞ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരം.
സ്ഥാനാർത്ഥികൾ
അബ്ദുൽ ജബ്ബാർ വെട്ടത്തയ്യത്ത് (എൽ.ഡി.എഫ്)
നജീബ് മണ്ണേൽ (യു.ഡി.എഫ്)
നാസർ കുരുടന്റയ്യത്ത് (എസ്.ഡി.പി.ഐ)
സി.കെ.മണി(എൻ.ഡി.എ)
1863 വോട്ടർമാർ
നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ ഇടക്കുളങ്ങളര
എ.വി.കെ.എം.എം.എൽ.പി സ്കൂളിലാണ് വോട്ടെടുപ്പ്.
31ന് വോട്ടെണ്ണൽ
പരസ്യപ്രചാരണം അവസാനിച്ചു
സി.ആർ.മഹേഷ് എം.എൽ.എ, മറിയാമ്മ ഉമ്മൻ, രമ്യ ഹരിദാസ്, ഷാനിമോൾ ഉസ്മാൻ , ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, തൊടിയൂർ താഹ തുടങ്ങിയ യു.ഡി.എഫിന്റെ നിരവധി നേതാക്കൾ പങ്കെടുത്ത കൺവെൻഷൻ, കുടുംബ സംഗമങ്ങൾ എന്നിവ സംഘടിപ്പിക്കപ്പെട്ടു. മുൻ എം.പി.
എ.എം.ആരീഫും കരുനാഗപ്പള്ളി ഏരിയ തല നേതാക്കളും പങ്കെടുത്ത പ്രചാരണ പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് നടത്തിയത്.പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് അവസാനിച്ചു.