വിലക്കയറ്റത്തിനു പുറമേ ലഭ്യതക്കുറവും

കൊല്ലം: പച്ചക്കറി വിലക്കയറ്റം താങ്ങാവുന്നതിനുമപ്പുറത്തേക്ക് കടന്നതോടെ ജനം പ്രതിസന്ധിയിൽ. ക്യാരറ്റ്, ചേന എന്നിവയുടെ വില സെഞ്ച്വറിയും ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും വില ഡബിൾ സെഞ്ച്വറിയും കടന്നു! തക്കാളി, സവാള വിലയിൽ മാത്രമാണ് അല്പം ആശ്വാസം. വിലക്കയറ്റത്തിന് പുറമേ സാധനങ്ങളുടെ ലഭ്യതക്കുറവും കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികൾ പറയുന്നു.

ക്യാരറ്റ്, ഇഞ്ചി എന്നിവയുടെ വില അടുത്തിടെ കി​ലോയ്ക്ക് 15 മുതൽ 20 രൂപ വരെ വർദ്ധിച്ചു. ക്യാരറ്റിന് കി​ലോയ്ക്ക് 130 രൂപ വരെയാണ് ചില്ലറ വില്പന വില. 100- 110 വരെയാണ് ചേനയുുടെ വില. കത്തിരിക്ക, വഴുതന, എന്നിവയുടെ ഹോൾസെയിൽ വില കി​ലോയ്ക്ക് 80 രൂപയ്ക്ക് മുകളിലാണ്. ഊട്ടി ബീറ്റ്‌റൂട്ടിന്റെ വിലയിലും കാര്യമായ വർദ്ധന ഉണ്ടായിട്ടുണ്ട്. മേട്ടുപ്പാളയത്ത് നിന്നാണ് ക്യാരറ്റ് എത്തുന്നത്. വെണ്ടയ്ക്ക, അമരയ്ക്ക എന്നിവ പാവൂർസത്രം, അയലകുളം എന്നിവിടങ്ങളിൽ നിന്നും മറ്റ് പച്ചക്കറികൾ മൈസുരു, കോയമ്പത്തൂർ, തമിഴ്‌നാട്, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നുമാണ് എത്തുന്നത്.

200 കടന്ന് പച്ചക്കറി കിറ്റ്

പച്ചക്കറിക്കടകളെ ജനകീയമാക്കിയിരിക്കുന്നത് കിറ്റുകളായിരുന്നു. 100 രൂപയുടെ കി​റ്റാണ് ഒട്ടുമി​ക്ക കടകളി​ലും നൽകി​യി​രുന്നത്. എന്നാൽ പച്ചക്കറിയുടെ വില വർദ്ധിച്ചതോടെ, ഇതേ അളവി​ലുള്ള കിറ്റി​ന് 200 രൂപ വാങ്ങേണ്ട അവസ്ഥയാണെന്ന് കച്ചവടക്കാർ പറയുന്നു. കിറ്റിലെ സാധനങ്ങളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കർക്കടക മാസമായതിനാലും വിലവർദ്ധിച്ചതിനാലും പ്രതീക്ഷിച്ച കച്ചവടം ലഭിക്കുന്നില്ല. ചിങ്ങത്തിലെ കച്ചവടത്തിലാണ് പ്രതീക്ഷയെന്ന് കച്ചവടക്കാർ പറയുന്നു.


അനധികൃത കച്ചവടം

വഴിമയാര കച്ചവടങ്ങളും വാഹനങ്ങളി​ലുള്ള കച്ചവടങ്ങളും പെരുകിയത് മൂലം പച്ചക്കടറി കടകളിൽ കച്ചവടം ഗണ്യമായി കുറയുന്നുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചുള്ള വി​ൽപ്പനയി​ലൂടെ ഇവർ ലാഭം കൊയ്യുമ്പോൾ, നികുതി ഉൾപ്പെടെ നൽകി കച്ചവടം നടത്തുന്നവർക്ക് നഷ്ടം മാത്രമാണെന്ന് കച്ചവടക്കാർ പറയുന്നു.

പച്ചക്കറിവില കി​ലോ (ഹോൾസെയിൽ, റീട്ടെയിൽ)

വെളുത്തുള്ളി: 200- 230

ചേന: 80, 100

കാരറ്റ്: 100, 130

ബീറ്റ്‌റൂട്ട്: 80,100

തടിയൻ കായ: 40, 50

സവാള: 40, 45


പച്ചമുളക്: 75-80, 100

ഇഞ്ചി: 170- 200

കത്തി​രിക്ക: 50- 70


ചെറിയ ഉള്ളി: 38- 40

സാധാരണ ഇതി​യി​ൽ വിലകുറഞ്ഞ് നിൽക്കണ്ട സമയമാണി​ത്. എന്നാൽ ഇപ്പോൾ ചിലയിനങ്ങൾക്ക് അടിക്കടി വില വർദ്ധിക്കുന്നുണ്ട്. കച്ചവടം കുറയുന്നത് വ്യാപാരി​കൾ പലരും ഈ രംഗത്ത് നിന്ന് മാറി നിൽക്കുന്ന അവസ്ഥയാണുള്ളത്.

എം.ജെ. അൻവർ,

സംസ്ഥാന ജനറൽ സെക്രട്ടറി, കേരള വെജിറ്റബിൾസ് മർച്ചന്റ്സ് അസോസിയേഷൻ