പുനലൂർ: കേരള തമിഴ്നാട് അതിർത്തിയായ ആര്യങ്കാവിൽ ഫുഡ് സേഫ്റ്റി ചെക്ക് പോസ്റ്റ് സ്ഥാപിച്ച് രണ്ട് വർഷമായിട്ടും തുറന്ന് പ്രവർത്തിക്കാൻ നടപടിയില്ല. രണ്ട് വർഷം മുൻപ് ബോർഡ് സ്ഥാപിച്ച ഓഫീസ് കാട് കയറി നശിച്ചു. ജി.എസ്.ടി വന്നതോടെ അനാഥമായ പഴയ സെയിൽ ടാക്സ് ചെക്ക് പോസ്റ്റ് ഓഫീസ് ഫുഡ് സേഫ്റ്റി ഓഫീസിനായി വിട്ടു നൽകുകയായിരുന്നു. സംസ്ഥാന അതിർത്തിയിൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ട ഓഫീസിനാണ് ഈ ദുർഗതി.
ബോർഡ് മാത്രം ബാക്കി
അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീൻ, പച്ചക്കറി, പലവ്യഞ്ജനങ്ങൾ അടക്കം സാമ്പിൾ പരിശോധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കേണ്ട ഓഫീസാണിത്. വിഷമയം ചേർത്ത ലോഡ് കണക്കിന് മത്സ്യവും വ്യാജ കമ്പനികളുടെ പേരിൽ നിരോധിത ഭക്ഷ്യ എണ്ണയും ചത്ത കോഴികളുമടക്കം ദിനംപ്രതി കേരളത്തിലേക്ക് എത്തിക്കുമ്പോഴാണ് അതിർത്തിയിൽ പ്രവർത്തിക്കേണ്ട ഓഫീസ് ബോർഡ് മാത്രം സ്ഥാപിച്ച് അടച്ച് പൂട്ടിയ നിലയിൽ കിടക്കുന്നത്.