കൊല്ലം: ജില്ലയിൽ വിവിധ തരം പകർച്ചപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഈ മാസം 26 വരെ വിവിധതരം പനികൾ ബാധിച്ച് ചികിത്സ തേടിയത് 14,398 പേർ. ഇതിൽ 578 പേർക്ക് ഡെങ്കിപ്പനിയും 81പേർക്ക് എലിപ്പനിയും 107 പേർക്ക് ചിക്കൻപോക്‌സും 32പേർക്ക് എച്ച് വൺ എൻ വണ്ണും 17പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. വിവിധതരം പനികൾ ബാധിച്ച് ആശുപത്രികളിൽ കഴിയുന്നത് 647 പേരാണ്.
14, 21 തീയതികളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ചികിത്സ തേടിയവരുടെ എണ്ണം 500ന് മുകളിലാണ്. പനി വിട്ടുമാറിയ ശേഷം ക്ഷീണം, ജലദോഷം ഉൾപ്പെടെ ബാധിച്ച നിരവധിപേർ ചികിത്സയിലുണ്ട്. 10നാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലായി റിപ്പോർട്ട് ചെയ്തത് (52). ജില്ലയിൽ ഷിഗല്ല, ബ്ലാക്ക് ഫംഗസ്, കൊവിഡ്, മലേറിയ ഉൾപ്പടെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും നിലവിൽ ഈ രോഗങ്ങൾ നിയന്ത്രണവിധേയമാണ്.
ജില്ലയിലെ ഡെങ്കിപ്പനിയുടെ ഹോട്ട്‌സ്‌പോട്ടുകളായി നഗരവുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. മുൻകാലങ്ങളിൽ കിഴക്കൻ മേഖലകളിലായിരുന്നു ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നത്.
വെള്ളക്കെട്ടുകൾ വില്ലൻ
ജില്ലയിൽ ഡെങ്കിപ്പനി വർദ്ധിക്കുന്നു
ഇടവിട്ട് പെയ്യുന്ന മഴയിൽ വെള്ളം കെട്ടിക്കിടന്ന് ഈഡിസ് കൊതുകുകൾ വളരുന്നു
വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ
ചിരട്ട, പ്ലാസ്റ്റിക് എന്നിവയിലെ വെള്ളത്തിൽ മുട്ടയിട്ട് പെരുകുന്നു
ചെടിച്ചട്ടികളിലും റബർ ടാപ്പിംഗ് ചിരട്ടകളിലും ടയറുകളിലും വെള്ളം കെട്ടിക്കിടക്കുന്നു
26 ദിവസത്തിനിടെ
ചികിത്സ തേടിയത്
14,398 പേർ
ഹോട്ട് സ്‌പോട്ടുകൾ
കിളികൊല്ലൂർ
ശൂരനാട്
മയ്യനാട്
പൊഴിക്കര
ശക്തികുളങ്ങര
എഴുകോൺ
ഡെങ്കി ലക്ഷണം
പനിയോടൊപ്പം തലവേദന
കണ്ണ്, പേശി, സന്ധി വേദന
ശരീരത്തിൽ ചുവന്ന് തടിപ്പ്
തുടർച്ചയായ ഛർദ്ദി, വയറുവേദന
ജനങ്ങൾക്കിടയിൽ ബോധവത്കരണം ശക്തമാക്കും. കൊതുകുകളുടെ ഉറവിട നശീകരണം ഊർജ്ജിതമാക്കും.
ആരോഗ്യവകുപ്പ് അധികൃതർ