കൊല്ലം: കൂട്ടിക്കടയിൽ സൈനികനെയും സഹോദരനെയും ആൾക്കൂട്ടം ആക്രമിച്ച കേസിൽ പത്തുപേർ പ്രതികൾ. സംഭവ സ്ഥലത്തുണ്ടായിരുന്ന പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളതെന്നാണ് വിവരം. തർക്കമുടലെടുത്ത കടയുടെ ഉടമയും സുഹൃത്തുമാണ് റിമാൻഡിൽ കഴിയുന്നത്. മറ്റുള്ളവർക്കായി പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ ഊർജ്ജിതമാക്കി. ചിലർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് തിരിച്ചടിച്ചെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിനിടെ തന്റെ ഭർത്താവിനെ പൊലീസ് കള്ളകേസിൽ കുടുക്കിയെന്ന ആക്ഷേപവുമായി അറസ്‌റ്റിലായ വ്യാപാരിയുടെ ഭാര്യ രംഗത്തെത്തി. കടയിലുണ്ടായ തർക്കത്തിനിടെ സാധനങ്ങൾ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഇരവിപുരം പൊലീസ് സ്‌റ്റേഷനിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അറസ്‌റ്ര് ചെയ്യുകയായിരുന്നുവെന്ന് വ്യാപാരിയുടെ ഭാര്യ പറയുന്നു. സൈനികൻ അമീൻ ഷായും സഹോദരൻ അമീർ ഷായും ആശുപത്രി വിട്ടു. ഇടിയേറ്റ് അമീൻ ഷായുടെ രണ്ട് പല്ലുകൾ കൊഴിഞ്ഞു. അന്യായമായി സംഘം ചേരൽ, വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.