തെന്മല: അതിർത്തി തർക്കത്തിൽ യുവതിയെയും മാതാപിതാക്കളെയും മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. തെന്മല വെസ്റ്റ് ലക്ഷ്മിഭവനത്തിൽ കെ.എം.മഹിതയ്ക്കും (26) മാതാപിതാക്കൾക്കുമാണ് പരിക്കേറ്റത്. അയൽവാസിയായ തെന്മല വെസ്റ്റ് രാജ് ഭവനിൽ ഭാഗ്യരാജിനെതിരെ തെന്മല പൊലീസ് കേസെടുത്തു. ഏറെക്കാലമായി വഴിത്തർക്കം നിലനിൽക്കുന്നുണ്ട്. ഭാഗ്യരാജ് മുള്ളുവേലി തകർത്തതുമായി ബന്ധപ്പെട്ട് നേരത്തെയും പരാതികളുണ്ട്. ഏപ്രിൽ 17ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും അസഭ്യം വിളികളും ഉണ്ടായി. താലൂക്ക് സർവേയർ ഭൂമി അളക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് ഈ മാസം 5ന് വൈകിട്ട് 4ന് വീണ്ടും കൈയേറ്റം ഉണ്ടായി. മഹിതയെയും മാതാപിക്കാളെയും മർദ്ദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രതിയെ പിടികൂടാത്തതിനെ തുടർന്ന് മഹിത മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.