ചികിത്സ തേടിയെത്തുന്നവർ പകർച്ചവ്യാധി ഭീതിയിൽ

കൊല്ലം: നിരവധി സ്ത്രീകളും കുട്ടികളും പതിവായി ചികിത്സ തേടിയെത്തുന്ന കടപ്പാക്കട മാതൃ- ശിശു സംരക്ഷണ കേന്ദ്രം മാലി​ന്യ നി​ക്ഷേപ കേന്ദ്രമാക്കി​ കോർപ്പറേഷൻ അധി​കൃതർ. പരിസര പ്രദേശങ്ങളിൽ നിന്ന് ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം മല പോലെയാണ് ആരോഗ്യകേന്ദ്രത്തിനും തൊട്ടുചേർന്നുള്ള സെക്രട്ടറിയുടെ ക്വാർട്ടേഴ്സ് വളപ്പിലും സൂക്ഷിച്ചിരിക്കുന്നത്.

മഴ ശക്തമായതോടെ ചാക്കിലും അതിനുള്ളിലെ പ്ലാസ്റ്റിക്കുകളിലും വെള്ളം കെട്ടിനിന്ന് കൊതുകുകളും മറ്റ് പ്രാണികളും പെരുകുകയാണ്. അതി​നാൽ ഇവി​ടം പകർച്ചവ്യാധി​ ഭീഷണി​യി​ലുമാണ്. സംഭരിച്ചിരിക്കുന്ന മാലിന്യങ്ങൾ നീക്കണമെന്ന് ചികിത്സ തേടിയെത്തുന്നവരും ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പലതവണ കോർപ്പറേഷനി​ലെ ആരോഗ്യവിഭാഗത്തോട് ആവശ്യപ്പെട്ടെങ്കിലും ഗുണമുണ്ടായില്ലെന്ന് മാത്രമല്ല, കൂടുതൽ മാലിന്യം ഇവിടേക്ക് എത്തുകയും ചെയ്യുന്നു.

ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം സംഭരിച്ച് വേർതിരിക്കാനും സംസ്കരിക്കാനും എം.സി.എഫുകൾ സജ്ജമാകാത്തതിനാലാണ് ഇവിടെ സംഭരിക്കുന്നത്. ചികിത്സ തേടിയെത്തുന്നവർക്ക് നി​ന്നുതി​രി​താൻ ഇടമില്ലാത്ത അവസ്ഥയാണ് മാതൃ, ശി​ശു സംരക്ഷണ കേന്ദ്രത്തി​ലുള്ളത്.

പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്

കടപ്പാക്കട ആരോഗ്യ കേന്ദ്രത്തിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ മഹിളാ കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദുകൃഷ്ണ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ഫേബ സുദർശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രശ്മി, പ്രഭ അനിൽ, ജില്ല വൈസ് പ്രസിഡന്റുമാരായ സിസിലി ജോബ്, സുബി നുജ്ഉം, ഷീജ രാധാകൃഷ്ണൻ, ഹംസത്ത് ബീവി, സരസ്വതി പ്രകാശ്, ബീന ജെയിംസ്, കുമാരി രാജേന്ദ്രൻ, സിന്ധു കുമ്പളം, ഗ്രേസി എഡ്ഗർ, മഞ്ജു, ശോഭ പ്രശാന്ത്, ഷിനു, ഹക്കീമ, സാലി തോമസ്‌, ചിന്നു മോൾ, ജയശ്രീ, ഇന്ദിര, ലാലി രാജീവ്‌, ബിഷ കുരിശിങ്കൽ എന്നിവർ നേതൃത്വം നൽകി.