കൊല്ലം: പള്ളിമുക്ക് തെക്കേകാവ് ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന അഞ്ചു മാസം ഗർഭമുള്ള കുതിരയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊട്ടിയം പറക്കുളം വലിയവിള വീട്ടിൽ അൽ അമീനാണ് (26) ഇന്നലെ രാവിലെ ഉമയനല്ലൂരിൽ നിന്ന് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കുതിരയുടെ ഉടമയായ വടക്കേവിള നെടിയം ഷാനവാസ് മൻസിലിൽ ഷാനവാസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. തെക്കേകാവ് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ളവരും കൊട്ടിയം സ്വദേശികളുമായ യുവാക്കളുമാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുതിരയെ ആക്രമിച്ച സംഭവം വാർത്തയായതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് ഇന്നലെ സംഭവ സ്ഥലത്തെത്തി മഹസർ തയ്യാറാക്കി. ഷാനവാസിന്റെ മൊഴിയും രേഖപ്പെടുത്തി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്ന് ഡോക്ടർമാരെത്തി കുതിരയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകി. പോർട്ടബിൾ അൾട്രാ സൗണ്ട് സ്‌കാനിംഗ് മെഷീൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഗോപാലശേരിയിലെ വീട്ടിൽ എത്തിച്ചാണ് പരിശോധന നടത്തിയത്. കുതിരക്കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
വലത്തേ ചെവിക്ക് താഴെ മർദ്ദനമേറ്റിടത്ത് രക്തം കട്ടിപിടിച്ചുണ്ടായ മുഴയുടെ വീക്കം കുറഞ്ഞതായും കവിളിലെയും കാൽമുട്ടുകളിലെയും മുറിവുകൾ ഉണങ്ങി വരുന്നതായും ഡോക്ടർമാർ പറഞ്ഞു. കൊല്ലം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി.ഷൈൻകുമാറിന്റെ നേതൃത്വത്തിൽ സീനിയർ വെറ്ററിനറി സർജൻ ഡോ. എം.എസ്.സജയ് കുമാർ, ഡോ എം.ജെ.സേതുലക്ഷ്മി, ഡോ. പൂജ, ഡോ.ജെസ്ബിൻ, എസ്.പി.സി.എ ഇൻസ്പെക്ടർ റിജു എന്നിവർ പരിശോധനയ്ക്കും ചികിത്സയ്ക്കും നേതൃത്വം നൽകി. പ്രതി അൽ അമീനെ ഇരവിപുരം എസ്.എച്ച്.ഒ രാജീവ്, എസ്.ഐമാരായ സുകേഷ്, ഉമേഷ്, സി.പി.ഒമാരായ സുമേഷ്, ദീപു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. റിമാൻഡ് ചെയ്തു.