കൊല്ലം: വൈദ്യുതി ചാർജ് അടയ്ക്കാഞ്ഞതിനെ തുടർന്ന് പോളയത്തോടുള്ള പട്ടികവർഗ ഹോസ്റ്റലിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി. ബിൽ അടച്ചതോടെ രണ്ട് മണിക്കൂറിന് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പുറമേ തൊട്ടടുത്തുള്ള പട്ടികജാതി ഹോസ്റ്റലിലെ വിദ്യാർത്ഥികളും ഇവിടെയാണ് ഇപ്പോൾ തങ്ങുന്നത്. പുനർനിർമ്മാണം ആരംഭിച്ചതിനാലാണ് പട്ടികജാതി ഹോസ്റ്റലിലെ വിദ്യാർത്ഥികളെ ഇങ്ങോട്ടേക്ക് മാറ്റിയത്. ഇന്ന് ഫ്യൂസ് ഊരുമെന്ന് കെ.എസ്.ഇ.ബി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും ഹോസ്റ്റൽ അധികൃതർ അനങ്ങിയില്ല. കഴിഞ്ഞ കുറച്ച് നാളുകളായി മെസ് ഫീസ് ഉൾപ്പടെയുള്ള തുക സമയബന്ധിതമായി നൽകിയിരുന്നില്ല. ഇപ്പോൾ കറന്റ് ഉൾപ്പടെ നഷ്ടമായ സാഹചര്യത്തിൽ പട്ടികജാതി വിദ്യാർത്ഥികളോടെയുള്ള അവഗണനയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച ജില്ല പ്രസിഡന്റ് ബി.ബബുൽദേവ് പറഞ്ഞു.