കൊല്ലം: മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് ഏൽപ്പെടുത്തിയ 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കുന്നതിന് പിന്നാലെ ബോട്ടുകൾ കൂട്ടത്തോടെ കടലിലേക്ക് കുതിക്കും.
ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി ബോട്ടുകൾ കടലിലേക്ക് പോകാതിരിക്കാൻ നീണ്ടകര പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് കെട്ടിയിരുന്ന ചങ്ങലെ ഇന്ന് അർദ്ധരാത്രി 12ന് അഴിക്കും.
ജില്ലയിൽ ശക്തികുളങ്ങര, അഴീക്കൽ തുറമുഖങ്ങളിൽ നിന്നാണ് ബോട്ടുകൾ പ്രധാനമായും കടലിലേക്ക് പോകുന്നത്. തീരക്കടലിൽ ചെമ്മീനിനും കിളിമീനിനും വലവിരിക്കുന്ന ബോട്ടുകൾ നാളെ ഉച്ചയ്ക്ക് 12 ഓടെ മടങ്ങിയെത്തും. ഓലക്കണവ, പേക്കണവ അടക്കമുള്ള കയറ്രുമതി ഇനങ്ങൾ ലക്ഷ്യമിട്ട് പോകുന്ന ബോട്ടുകൾ മടങ്ങിയെത്താൻ ദിവസങ്ങളെടുക്കും. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ കരയ്ക്കടുപ്പിച്ചിരുന്ന ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണി പൂർത്തിയായി. നിയന്ത്രണം ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ ബോട്ടുകളിലെ ഇതര സംസ്ഥാന തൊഴിലാളികളും കൂട്ടത്തോടെ മടങ്ങിയെത്തിയിട്ടുണ്ട്. ബോട്ടുകൾ മടങ്ങിയെത്തുന്നതോടെ മത്സ്യവിലയും കുത്തനെ താഴും..
പ്രതീക്ഷിക്കുന്നത്
കരിക്കാടി ചെമ്മീൻ
പൂവാലൻ ചെമ്മീൻ
കിളിമീൻ
പേക്കണവ
ഓലക്കണവ
അയല
ജില്ലയിലെ ബോട്ടുകൾ-700
ശക്തികുളങ്ങര-550
അഴീക്കൽ-150
ആകെ തൊഴിലാളികൾ-7000 (ഏകദേശം)
ഇതര സംസ്ഥാനക്കാർ-4500
ചെമ്മീൻ കയറ്റുമതി ഇടിഞ്ഞു
ശക്തികുളങ്ങരയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതി കുത്തനെ ഇടിഞ്ഞത് ബോട്ടുകളെയും മത്സ്യസംസ്കരണ യൂണിറ്റുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാന ഉപഭോക്താവായിരുന്ന അമേരിക്ക ചെമ്മീൻ കയറ്റുമതി കുറച്ചതാണ് പ്രധാന പ്രശ്നം. പൂവാലൻ ചെമ്മീനും കരിക്കാടി ചെമ്മീനുമാണ് പ്രധാനമായും കയറ്റിയയച്ചിരുന്നത്.
കയറ്റുമതി വില (കിലോയ്ക്ക്)
അമേരിക്ക- 10 ഡോളർ
യൂറോപ്യൻ രാജ്യങ്ങൾ- 7 ഡോളർ
ചൈന- 5 ഡോളർ
കൊല്ലത്ത് നിന്ന് കൂടുതലായി കയറ്റിയയച്ചിരുന്ന മത്സ്യയിനം ചെമ്മീനായിരുന്നു. അമേരിക്ക ചെമ്മീൻ വാങ്ങൽ കുറച്ചത് കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്.
പീറ്റർ മത്യാസ്, ബോട്ട് ഉടമ