നടപ്പാതയിൽ അപകടഭീതി
കൊല്ലം: മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ, ക്യു.എ.സി റോഡിൽ നിന്ന് കർബല- റെയിൽവേ സ്റ്റേഷൻ റോഡിലേക്കുള്ള നടപ്പാതയിലെ ഓടയുടെ സ്ളാബ് മാറ്റി ഒരു മാസം പിന്നിട്ടിട്ടും തിരികെ വയ്ക്കാൻ നടപടിയില്ല.
റെയിൽവേ ക്വാർട്ടേഴ്സിന് സമീപമുള്ള വളവിലാണ് ഓടയുടെ സ്ളാബ് ഇളക്കി മാറ്റിയത്. മഴക്കാലത്ത് ഇവിടെ വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതുപരിഹരിക്കാൻ പൊതു മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജൂണിലെ രണ്ടാമത്തെ ആഴ്ചയാണ് ഓടയിലെ ചെളികോരി അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. നടപ്പാതയിലൂടെ വരുന്നവർ ഇവിടെ എത്തുമ്പോൾ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. നടപ്പാതയ്ക്ക് സമീപത്തായി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ പലപ്പോഴും കാൽനടയാത്രക്കാർ റോഡിന്റെ മദ്ധ്യഭാഗത്തു കൂടി നടക്കേണ്ട ഗതികേടിലാണ്. സ്വകാര്യ ബസുകളടക്കം കടന്നു പോകുന്ന റോഡാണിത്. രാത്രികാലത്ത് ഇവിടെ മങ്ങിയ വെളിച്ചമാണുള്ളത്. അതിനാൽ സ്ളാബ് മാറ്റിയ ഭാഗം പെട്ടെന്ന് കാണില്ല. ഇത് അപകട സാദ്ധ്യത കൂട്ടുന്നു.
തിരികെ സ്ഥാപിച്ച സ്ലാബുകൾക്കിടയിലും വിടവുണ്ട്. ഇടവിട്ടുള്ള മഴ കാരണമാണ് അറ്റകുറ്റപ്പണികൾ താത്കാലികമായി നിറുത്തിവെച്ചിരിക്കുന്നതെന്നും മഴ മാറുന്ന മുറയ്ക്ക് ജോലി പുനരാരംഭിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ മഴ തോർന്നുനിന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
വൃത്തിയാക്കാൻ നടപടിയില്ല
നടപ്പാതയിൽ പലഭാഗത്തും പുല്ല് മൂടിയ നിലയിൽ
കുപ്പിച്ചില്ലുകളും മദ്യക്കുപ്പികളും കേബിളും നടപ്പാതയിൽ
പേരിനുപോലും നടപ്പാത വൃത്തിയാക്കാൻ തയ്യാറാകുന്നില്ല
ഓട മൂടാതെ ഇട്ടിരിക്കുന്നത് അപകട ഭീഷണിയാണ്. നടപ്പാത വൃത്തിയാക്കാനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല
രാജൻ, കാൽനട യാത്രികൻ
.........................................................
മഴ മാറിയ സമയത്ത് പണി പുനരാരംഭിക്കാൻ ജോലിക്കാർ വന്നിരുന്നു. എന്നാൽ ഈ ഭാഗത്ത് നടപ്പാതയിലെ ഓടയ്ക്ക് മുകളിൽ പോലും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. ഇതിനാൽ അവർക്ക് ജോലി ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ വീണ്ടും മഴ തുടങ്ങി. മഴ മാറുന്ന പക്ഷം വൈകാതെ പണി ആരംഭിക്കും
പൊതുമരാമത്ത് അധികൃതർ