കൊല്ലം: കൊല്ലം അടക്കമുള്ള ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് തീരദേശ ക്രൂയിസ് സർവീസ് നടത്താൻ മൂന്ന് സ്വകാര്യ കമ്പനികൾ രംഗത്ത്. ഇതിൽ രണ്ട് കമ്പനികളുടെ രൂപരേഖയിൽ കേരള മാരിടൈം ബോർഡിന് പ്രാഥമിക പരിശോധനയിൽ തന്നെ താല്പര്യമുണ്ട്.
മൂന്ന് രൂപരേഖകളും പരിശോധിച്ച് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നീ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള തീരദേശ ക്രൂയിസ് സർവീസ്, രാജ്യത്തിന്റെ സമുദ്രാതിർത്തിക്ക് പുറത്തേക്കുള്ള വിനോദയാത്ര, കടലിന് പുറമേ ഉൾനാടൻ ജലാശയങ്ങളിലൂടെയുള്ള യാത്ര, കപ്പലിൽ ചെറിയ യാത്രയും ആഘോഷങ്ങളും തുടങ്ങിയ പദ്ധതികളാണ് കേരള മാരിടൈം ബോർഡ് ക്ഷണിച്ചത്. ഇതിൽ ഇപ്പോൾ ലഭിച്ച മൂന്ന് താൽപ്പര്യപത്രങ്ങൾ ഏത് സർവീസാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. അമേരിക്കൻ കമ്പനിയുടെ ഇന്ത്യൻ ശാഖയായ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റാണ് മാരിടൈം ബോർഡിന് വേണ്ടി പദ്ധതി പരിശോധിക്കുന്നത്. വിജയിക്കുമെന്ന് ഉറപ്പുള്ള പദ്ധതിയുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ കേരള മാരിടൈം ബോർഡ് ക്രൂയിസ് സർവീസിന് ഇൻസെന്റീവ് നൽകാനും സാദ്ധ്യതയുണ്ട്.
വിനോദ സഞ്ചാരികൾ കൂടുതൽ ദിവസം തങ്ങുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനൊപ്പം ചെറുകിട പോർട്ടുകളുടെ വരുമാനം വർദ്ധിപ്പിക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. ഐ.സി.പി അനുവദിച്ച സാഹചര്യത്തിൽ കൊല്ലം പോർട്ടിൽ നിന്ന് യാത്രക്കാർക്ക് ക്രൂയിസ് സർവീസിൽ കയറുകയും ഇറങ്ങുകയും ചെയ്യാം. ഒരുവർഷം മുമ്പ് മുംബയ് ആസ്ഥാനമായുള്ള കമ്പനി തീരദേശ ക്രൂയിസ് സർവീസിന് കേരള മാരിടൈം ബോർഡുമായി ധാരണയിലെത്തിയെങ്കിലും പങ്കാളികളെ ലഭിച്ചില്ലെന്ന പേരിൽ ഉപേക്ഷിച്ചു. ഇതേ തുടർന്നാണ് കേരള മാരിടൈം ബോർഡ് വീണ്ടും താൽപ്പര്യപത്രം ക്ഷണിച്ചത്.
സർവീസിന് ടൂറിസം സാദ്ധ്യത
രാത്രികാലങ്ങളിലും കപ്പലിൽ തങ്ങാം
യാനങ്ങളിലിരുന്ന് മീൻപിടിത്തവും ഡൈവിംഗും
ഉൾക്കടലിലേക്കുള്ള സഞ്ചാരവും സാഹസിക വിനോദങ്ങളും
കപ്പലിനുള്ളിൽ യോഗങ്ങളും ആഘോഷങ്ങളും
പോർട്ടുകളിലിറങ്ങി തൊട്ടടുത്തുള്ള വിനോദകേന്ദ്രങ്ങൾ സന്ദർശിക്കാം
കപ്പലിൽ വിനോദ സൗകര്യങ്ങളും ഭക്ഷണവും കലാരൂപങ്ങളും
നിലവിൽ ലഭിച്ചിട്ടുള്ള മൂന്ന് താൽപ്പര്യപത്രങ്ങളും പരിശോധിച്ച് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് വിശദമായ റിപ്പോർട്ട് നൽകും. ഇതനുസരിച്ച് തുടർ നടപടി സ്വീകരിക്കും.
എൻ.എസ്.പിള്ള, ചെയർമാൻ
കേരള മാരിടൈം ബോർഡ്