കൊല്ലം: ഓണവിപണി ലക്ഷ്യമിട്ട് സ്വന്തം ബ്രാൻഡിൽ ഉപ്പേരിയും ശർക്കര വരട്ടിയും വിപണിയിലിറക്കാനൊരുങ്ങി കുടുംബശ്രീ. ജില്ലയിലെ 16 യൂണിറ്റുകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഉത്പാദനം ആരംഭിക്കുന്നതിന് മുന്നോടിയായി യൂണിറ്റുകൾക്കുള്ള പരിശീലനം നൽകി.
കവറിൽ ബ്രാൻഡ് പേരിനൊപ്പം ഉത്പാദന യൂണിറ്റിന്റെ പേരും മേൽവിലാസവും ഉണ്ടാകും. വെളിച്ചെണ്ണയിലും പാം ഓയിലിലുമാണ് ഉപ്പേരി തയ്യാറാക്കുന്നത്. ഇതനനുസരിച്ചായിരിക്കും വില നിശ്ചയിക്കുക. ഏകോപന ചുമതല കൊല്ലം കുടുംബശ്രീ ഫുഡ് പ്രോസസിംഗ് എന്ന പേരിൽ പ്രവർത്തിക്കുന്ന കൺസോർഷ്യത്തിനാണ്. അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതും ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നതും കൺസോർഷ്യമാണ്.കുടുംബശ്രീ സ്റ്റോറുകൾ വഴിയും വിതരണക്കാർ വഴി കടകളിലും ഉത്പന്നങ്ങൾ ലഭ്യമാക്കും. മുൻവർഷങ്ങളിലും ഓണം ഉത്പന്നങ്ങൾ വിപണിയിൽ എത്തിയിരുന്നെങ്കിലും ഇത് ആദ്യമായാണ് സംസ്ഥാന വ്യാപകമായി ഒരു ബ്രാൻഡിൽ വിപണനം ചെയ്യുന്നത്.
ഉത്പന്നങ്ങൾ ഏകീകൃത ബ്രാൻഡിൽ
മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, ഗരം മസാല, സാമ്പാർ പൊടി, ഫിഷ് മസാല, ഗോതമ്പുപൊടി, സ്റ്റീമ്ഡ് അരിപ്പൊടി, പുട്ടുപൊടി എന്നീ 11 ഇനങ്ങളാണ് വിപണിയിലേക്ക് എത്തുന്നത്
കുടുംബശ്രീ കൺസോഷ്യം രൂപീകരിച്ച് ഏകീകൃത ബ്രാൻഡിലാണ് ഉത്പന്നങ്ങൾ ലഭ്യമാക്കുക
ഗുണമേന്മ പരിശോധിച്ച ഉറപ്പാക്കിയാണ് പായ്ക്കിംഗ്
സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പാലിച്ചാണ് വിപണിയിലെത്തിക്കുക
ജില്ലയിൽ കറി പൗഡർ സംരംഭക യൂണിറ്റുകൾ -19
കുടുംബശ്രീ ഉത്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ കൂടി എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്.
വിമൽ ചന്ദ്രൻ
കുടുംബശ്രീ ജില്ലാമിഷൻ കോ ഓഡിനേറ്റർ