കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ 75-ാം പിറന്നാൾ നാളെ ദീപക്കാഴ്ചയും കുടുംബസംഗമവും നടത്തി ആഘോഷിക്കും.
75 മൺചെരാതുകളിലും ഗ്രന്ഥശാല മുറ്റത്തെ കൽവിളക്കിലും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തകർ ദീപം തെളിക്കും. കെ.പി. അപ്പൻ സ്മാരക നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6ന് നടക്കുന്ന കുടുംബ സംഗമം മുതിർന്ന ഗ്രന്ഥശാല അംഗവും അദ്ധ്യാപക ശ്രേഷ്ഠനുമായ കെ.വി.ഭരതൻ (കല്ലേത്ത്) ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്. ബൈജു അദ്ധ്യക്ഷത വഹിക്കും.
1950 ആഗസ്റ്റ് ഒന്നിന് വൈദ്യകലാനിധി കെ.പി.കരുണാകരൻ വൈദ്യർ പ്രസിഡന്റും കെ.സുലൈമാൻ സെക്രട്ടറിയുമായാണ് ഗ്രന്ഥശാലയുടെ തുടക്കം. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പുതുക്കിയ മാനദണ്ഡപ്രകാരമുള്ള ഗ്രഡേഷനിൽ തുടർച്ചയായി എ പ്ലസ് നേടുന്ന ഗ്രന്ഥശാലയിൽ മൂവായിരത്തിലേറെ ഈടുറ്റ ഗ്രന്ഥങ്ങളും ഒട്ടുമിക്ക ആനുകാലികങ്ങളും ആയിരത്തിലേറെ അംഗങ്ങളുമുണ്ട്. പ്രഥമ പുത്തൂർ സോമരാജൻ അവാർഡ് തുകയായ 10,000 രൂപ സ്ഥിരനിക്ഷേപമാക്കി ഗ്രന്ഥശാല ആരംഭിച്ച 'സാന്ത്വന സഹായനിധി' നിലവിൽ പത്ത് ലക്ഷമായി ഉയർന്നു. ഇതിൽ നിന്നുള്ള പലിശ തുക പൂർണ്ണമായി നിർദ്ധന രോഗികൾക്ക് നൽകുകയാണ്. ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് 75-ാം പിറന്നാൾ ആഘോഷവും കുടുംബസംഗമവും നടക്കുന്നതെന്ന് പ്രസിഡന്റ് കെ.എസ്.ബൈജുവും സെക്രട്ടറി എസ്.നാസറും അറിയിച്ചു.